cc
തകർന്ന പൈപ്പ് നീക്കുന്ന

50 ടൺ ശേഷിയുള്ള ക്രെയിനും പരാജയപ്പെട്ടു

കൊല്ലം: ചവറയിൽ പൊട്ടിയ കുടി​വെള്ള പൈപ്പ് ബന്ധിപ്പിച്ച് ശാസ്താംകോട്ടയിൽ നിന്നുള്ള വെള്ളം നഗരത്തിലെത്താൻ ചൊവ്വ വരെ കാത്തിരിക്കണം. പൊട്ടി​ത്തകർന്ന് ടി.എസ് കനാലിൽ പതിച്ച പൈപ്പ് ലൈൻ നീക്കം ചെയ്യാൻ ഒന്നരദിവസത്തോളം വേണ്ടി​വന്നതാണ് പ്രവൃത്തി​കൾ വൈകാൻ കാരണം.

വെള്ളിയാഴ്ച ഉച്ചയോടെ പൈപ്പുകൾ കനാലിൽ നിന്ന് നീക്കാമെന്നായി​രുന്നു വാട്ടർ അതോറിട്ടി​ അധികൃതരുടെ പ്രതീക്ഷ. എന്നാൽ പൈപ്പുകൾ ചെളിയിൽ പുതഞ്ഞതിനാൽ 50 ടൺ ശേഷിയുള്ള ക്രെയിൻ ഉപയോഗിച്ചുപോലും നീക്കാനായില്ല. പിന്നീട് പൈപ്പുകൾ മുറിച്ചു നീക്കുകയായിരുന്നു. പുതിയ പൈപ്പിടാൻ കനാലിൽ രണ്ട് മീറ്റർ ആഴത്തിലുള്ള ഡ്രഡ്ജിംഗ് ഇന്നലെ പൂർത്തിയായി. പൈപ്പുകളിലെ ചോർച്ച കണ്ടെത്താൻ ഇന്ന് കൂടുതൽ മർദ്ദത്തിൽ വായു കയറ്റി ആറ് മണിക്കൂറോളം നിരീക്ഷിക്കും. ചോർച്ചയുണ്ടെങ്കിൽ പരിഹരിച്ച ശേഷം തിങ്കളാഴ്ച പൈപ്പ് കനാലിൽ ഇറക്കി, പൊട്ടിയതിന്റെ അവശേഷിക്കുന്ന ഭാഗവുമായി ബന്ധിപ്പിക്കും. തുടർന്ന് ചൊവ്വാഴ്ച രാവിലെ പുതിയ പൈപ്പ് ലൈനിലൂടെ കുടിവെള്ളം കടത്തിവിടാനാണ് ഇപ്പോഴത്തെ ആലോചന.

നൂറ് മീറ്ററോളം നീളത്തിലാണ് പുതിയ 630 എം.എം ഹൈ ഡെൻസിറ്റി പോളി എഥി​ലിൻ പൈപ്പ് സ്ഥാപിക്കുന്നത്. 45 മീറ്റർ നീളത്തിൽ കനാലിലാണ് പൈപ്പിടുന്നത്. ഹൈ ഡെൻസിറ്റി പൈപ്പിന് ഭാരം കുറവായതിനാൽ 25 കോൺക്രീറ്റ് ബ്ലോക്കുകൾ ഘടിപ്പിച്ച് കനാലിൽ ഉറപ്പിച്ച് നിറുത്തും. കഴിഞ്ഞ ഞായറാഴ്ച രാവിലെ 6 ഓടെയാണ് ചവറ പാലത്തിന് സമാന്തരമായി സ്ഥാപിച്ചിരുന്നതും ശാസ്താംകോട്ടയിൽ നിന്നുള്ള കുടിവെള്ളം എത്തിക്കുന്നതുമായ 630 എം.എം വ്യാസമുള്ള കാസ്റ്റ് അയൺ പൈപ്പ് പൊട്ടിയത്.

.......................................

 പൈപ്പ് വഴി എത്തിയിരുന്നത് 11 എം.എൽ.ഡി കുടിവെള്ളം
 ജപ്പാൻ പദ്ധതിയിൽ നിന്ന് കൂടുതൽ കുടിവെള്ളം എത്തിക്കുന്നു

 നഗരത്തിൽ ഇപ്പോൾ ടാങ്കർ ലോറികളിലും കുടിവെള്ളം വിതരണം

 പകരം സ്ഥാപിക്കുന്ന പൈപ്പുകളുടെ വെൽഡിംഗ് പൂർത്തിയായി

.................................................

പൊട്ടിയ പൈപ്പുകൾ കനാലിൽ നിന്നു നീക്കാൻ പ്രതീക്ഷിച്ചതിനെക്കാൾ സമയമെടുത്തു. പ്രവൃത്തി പൂർത്തിയാക്കി ചൊവ്വാഴ്ച കുടിവെള്ള വിതരണം പുനാരാരംഭിക്കാനാകുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ

സാബിർ എ.റഹിം, വാട്ടർ അതോറിട്ടി സൂപ്രണ്ടിംഗ് എൻജിനിയർ