കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരസഭയുടെ ചെയർമാനായി പടിപ്പുര ലത്തീഫ് ചുമതലയേറ്റു. എൽ.ഡി.എഫ് ധാരണ പ്രകാരം സി.പി. എമ്മിലെ കോട്ടയിൽ രാജു രാജിവെച്ച ഒഴിവിലേക്ക് ഇന്നലെ നടന്ന തിരഞ്ഞെടുപ്പിലാണ് സി.പി.ഐയുടെ പ്രതിനിധിയായ പടിപ്പുര ലത്തീഫ് തിരഞ്ഞെടുക്കപ്പെട്ടത്. രാവിലെ നഗരസഭാ ഹാളിൽ നടന്ന തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്ക് വരണാധികാരിയായ സഹകരണ ജോയിന്റ് രജിസ്ട്രാർ (ജനറൽ) ഇൻ ചാർജ് അബ്ദുൽ ഹലീൽ നേതൃത്വം നൽകി. യു.ഡി.എഫിൽ നിന്ന് 35-ാം ഡിവിഷനെ പ്രതിനിധീകരിക്കുന്ന ടി.പി. സലിംകുമാർ മത്സരിച്ചു. പടിപ്പുര ലത്തീഫിന് 25 വോട്ടും ടി.പി.സലിംകുമാറിന് 6 വോട്ടും ലഭിച്ചു. ബി.ജെ.പി അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. പടിപ്പുര ലത്തീഫ് വരണാധികാരി മുമ്പാകെ മുനിസിപ്പൽ ചെയർമാനായി ചുമതലയേറ്റു. തുടർന്ന് നടന്ന അനുമോദന യോഗത്തിൽ മുൻ ചെയർമാൻ കോട്ടയിൽ രാജു അദ്ധ്യക്ഷനായി. എൽ.ഡി.എഫ് നേതാക്കളായ പി.ബി.സത്യദേവൻ, എം.എസ്.താര, ഐ.ഷിഹാബ് തുടങ്ങിയ നേതാക്കൾ സംസാരിച്ചു. നഗരസഭയുടെ ആറാമത്തെ ചെയർമാനാണ് പടിപ്പുര ലത്തീഫ് . 32-ാം ഡിവിഷൻ കൗൺസിലറായ പടിപ്പുര ലത്തീഫ് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമാണ്
2005-2010 ൽ കരുനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് ആയിരിക്കുമ്പോൾ വൈസ് പ്രസിഡന്റ് പദവി വഹിച്ചിട്ടുണ്ട്.
2010-2015 കാലത്തെ നഗരസഭാ കൗൺസിലിലും അംഗമായിരുന്നു. കരുനാഗപ്പള്ളി നഗരസഭയിൽ എൽ.ഡി.എഫിന് 25 ഉം യു.ഡി.എഫിന് ആറും ബി.ജെ.പിക്ക് നാലും അംഗങ്ങളാണുള്ളത്.