കൊല്ലം: വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ അനുഭവം സമ്മാനിച്ച് റാവിസ് പാലസും. ലീല റാവിസ് അഷ്ടമുടിയുടെ പുതിയ സംരംഭമായ റാവിസ് പാലസിന്റെ ഉദ്‌ഘാടനം എൻ.കെ.പ്രേമചന്ദ്രൻ എം.പിയും എം.മുകേഷ് എം.എൽ.എയും ചേർന്ന് നിർവഹിച്ചു. ജനറൽ മാനേജർ സാം.കെ.ഫിലിപ്പ് സ്വാഗതം പറഞ്ഞു. കളക്ടർ എൻ.ദേവിദാസ്, മേയർ പ്രസന്ന ഏണസ്റ്റ്, ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ, കെ.ടി.എം സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ്, ഇ.എം.എ.കെ പ്രസിഡന്റ് രാജു കണ്ണമ്പുഴ, എ.ടി.ടി.ഒ.ഐ പ്രസിഡന്റ് സുഭാഷ് ഘോഷ്, സി.എ.ടി.ഒ പ്രസിഡന്റ് സഞ്ജീവ് കുമാർ എന്നിവർ പങ്കെടുത്തു. ലീല റാവിസിന് സമീപം അഷ്ടമുടി കായലിന്റെ തീരത്താണ് പരമ്പരാഗത വാസ്തുവിദ്യയും നവീന രൂപകല്പനകളും ചേർത്ത് റാവിസ് പാലസ് നിർമ്മിച്ചിട്ടുള്ളത്. 113 വർഷത്തെ ചരിത്രമുള്ള വാസ്തുവിദ്യാവിസ്മയവും പരിസ്ഥിതി സംരക്ഷണത്തോടുള്ള പ്രതിബദ്ധതയും ഉൾപ്പെടുന്ന പാലസാണ് സഞ്ചാരികൾക്കായി സമർപ്പിച്ചത്. ഗ്രാനൈറ്റ് പാകിയ നടപ്പാത, മീൻ വളർത്തൽ കേന്ദ്രങ്ങൾ, പുൽത്തകിടി തുടങ്ങിയവയാണ് പ്രധാന ആകർഷണം. അഷ്ടമുടി കായലിലൂടെയുള്ള ബോട്ട് സവാരി, റോഡ്മാർഗം, ഹെലികോപ്ടർ എന്നിവ മുഖേന ഇവിടേക്ക്‌ എത്തിച്ചേരാം.