കൊല്ലം: ദേശീയ ഉപഭോക്തൃ ദിനത്തോടനുബന്ധിച്ച് ഉപഭോക്തൃ അവകാശ ജാലകം എന്ന പേരിൽ ദേശീയ ഉപഭോക്തൃ അവകാശ ദിനം സംഘടിപ്പിക്കും. ജില്ലാതല ദിനാചരണ പരിപാടി 24ന് രാവിലെ 10.30ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കളക്ടർ എൻ.ദേവിദാസ് ഉദ്ഘാടനം ചെയ്യും. ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ പ്രസിഡന്റ് എസ്.കെ.ശ്രീല അദ്ധ്യക്ഷയാകും. നിർമ്മിത ബുദ്ധി നയിക്കുന്ന പ്ലാറ്റ്‌ഫോമുകളിലെ തെറ്റായ വിവരങ്ങൾ, സ്വകാര്യതാ ലംഘനങ്ങൾ, വിവേചനപരമായ രീതികൾ, തെറ്റായ വിവരങ്ങളുടെ പ്രചാരണം, തുടങ്ങിയ വിഷയങ്ങളിൽ ബോധവത്കരണവും നടത്തും. തുടർന്ന് കൊല്ലം ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ നിന്ന് അനുകൂല വിധി ലഭിച്ച ഉപഭോക്താക്കളെ ആദരിക്കൽ, പ്രശംസ പത്രം നൽകൽ എന്നിവയും നടക്കും.