കൊല്ലം: പള്ളാത്തുരുത്തി ബോട്ട് ക്ലബ് (പി.ബി.സി) 1971ലാണ് കളത്തിലിറങ്ങിയത്. ആലപ്പുഴ നഗരസഭയിലെ മൂന്ന് വാർഡുകളിലെയും പള്ളാത്തുരുത്തി പാലം മുതലുള്ളവരുടെയും കൺകണ്ട ടീമാണ് ഇപ്പോൾ പി.ബി.സി.
1988 ൽ വെള്ളംകുളങ്ങര വള്ളത്തിനായി തുഴയെറിഞ്ഞാണ് കന്നിവിജയം. 1998ൽ ചമ്പക്കുളം ചുണ്ടനിൽ വിജയിച്ചു. മത്സരങ്ങളിൽ പങ്കെടുത്തെങ്കിലും വിജയിക്കാൻ സാധിച്ചില്ല. 20 വർഷത്തിന് ശേഷം 2018 ൽ പായിപ്പാടിനായി തുഴഞ്ഞ് വീണ്ടും വിജയകരീടം. പിന്നീട് ഇന്നലെ കഴിഞ്ഞ സി.ബി.എൽ വരെ തുടർച്ചയായ വിജയമാണ് പള്ളാത്തുരുത്തി സ്വന്തമാക്കിയത്. 2019 ലെ പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗ് ട്രോഫിയും നേടി പി.ബി.സി ചരിത്രത്തിൽ ഇടം നേടി. നാടുഭാഗം ചുണ്ടനിലാണ് അന്ന് തുഴഞ്ഞത്. പിന്നീട് 2022 ൽ മഹാദേവികാട് കാട്ടിൽതെക്കതിൽ ചുണ്ടനും കഴിഞ്ഞവർഷം വീയപുരം ചുണ്ടനും തുഴഞ്ഞു. വിനോദ് പവിത്രൻ മാതിരം പള്ളിയാണ് പ്രധാന പരിശീലകൻ. വരുൺ ശർമ്മ ഒന്നാം തുഴക്കാരനും പ്രസന്നൻ കുമരകം ഒന്നാം അമരക്കാരനുമാണ്. ഇന്നലെ നടന്ന മത്സരത്തിൽ മനോജ് പത്തു (തെങ്ങുങ്കൽ) ലീഡിംഗ് ക്യാപ്ടനും അലൻ കോശി, എയ്ഡൻ കോശി (മൂന്നു തൈക്കൽ) എന്നിവർ ക്യാപ്ടൻമാരുമായി. വി. ജയപ്രസാദ് പ്രസിഡന്റും വിനോദ് വൈസ് പ്രസിഡന്റും സുനീർ സെക്രട്ടറിയും എൻ.ശശിധരൻ ചീഫ് ഓഡിറ്ററുമായ സംഘമാണ് ടീമിന്റെ ബലമായത്.