കൊല്ലം: ടൂർ പാക്കേജ് നൽകുന്ന കമ്പനിയുടെ പേരിൽ തട്ടിപ്പ് നടത്തിയ പ്രതികൾ പൊലീസിന്റെ പിടിയിലായി. ഡൽഹി സ്വദേശികളായ രാഹുൽ കുമാർ (26), സാദ് സെയ്ഫി (21), ഹർപ്രീത് ബൻസൽ (27), ഗഗൻ സലൂജ (26), കപിൽ സിംഗ് (26), അങ്കിത് സിംഗ് (23) എന്നിവരാണ് കൊല്ലം വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. കൊല്ലം മുണ്ടയ്ക്കൽ സ്വദേശിയുടെ പരാതിയിലാണ് ഇവർ തിരുവനന്തപുരം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് പിടിയിലായത്.

ഈ മാസം 19ന് ടൂർ പാക്കേജ് നൽകുന്ന ക്ലബ് റിസോർട്ടോ എന്ന സ്ഥാപനത്തിൽ നിന്നാണെന്ന് പറഞ്ഞ് പരാതിക്കാരനെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് ഈ സ്ഥാപനത്തിന്റെ മെമ്പർഷിപ്പെടുത്താൽ രണ്ട് രാത്രി ഇന്ത്യയിൽ എവിടെ വേണമെങ്കിലും താമസിക്കാനുള്ള ഒരു ഗിഫ്ട് വൗച്ചറും കൂടാതെ പ്രശസ്തമായ സിനിമ തീയേറ്ററിലെ രണ്ട് ടിക്കറ്റും നൽകാമെന്ന് വാഗ്ദാനം നൽകി. തുടർന്ന് കൊല്ലം തേവള്ളിയിലുള്ള പ്രശസ്തമായ സ്വകാര്യ ക്ലബിൽ വച്ച് മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തുന്നതായ് അറിയിക്കുകയും അതിൽ പങ്കെടുക്കാൻ ക്ഷണിക്കുകയും ചെയ്തു. മെമ്പർഷിപ്പ് ക്യാമ്പയിനിൽ പങ്കെടുക്കാനെത്തിയ പരാതിക്കാരനിൽ നിന്ന് ഒരു ലക്ഷം രൂപ മെമ്പർഷിപ്പ് ഫീസായി വാങ്ങി. വീണ്ടും ഒരു ലക്ഷം രൂപ കൂടി നൽകിയാലേ മെമ്പർഷിപ്പ് വൗച്ചർ നൽകൂ എന്ന് പറഞ്ഞ് ചതിക്കുകയായിരുന്നു.

വെസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഈ സംഘം മൂന്ന് ദിവസമായി ഇവിടെ മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തി വരികയായിരുന്നുവെന്നും നിരവധി ആളുകളിൽ നിന്ന് ഇപ്രകാരം പണം കൈപ്പറ്റിയിട്ടുള്ളതായും കണ്ടെത്താൻ കഴിഞ്ഞു. കൊല്ലം എ.സി.പിയുടെ മേൽനോട്ടത്തിലും വെസ്റ്റ് പൊലീസ് ഇൻസ്‌പെക്ടർ ഫയാസിന്റെ നേതൃത്വത്തിലും എസ്.ഐമാരായ രാജേഷ്, ജയലാൽ, എസ്.സി.പി.ഒമാരായ ശ്രീലാൽ, ദീപു ദാസ്, രതീഷ്, സി.പി.ഒമാരായ സുരേഷ്, സലീം എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.