കൊല്ലം: ലിഫ്ട് ചോദിച്ച് കയറിയ ശേഷം ഭീഷണിപ്പെടുത്തി വാഹനവുമായി കടന്ന പ്രതി മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടിയിലായി. തമിഴ്‌നാട് തിരുനെൽവേലി സ്വദേശി ശിവകുമാറിനെയാണ് (23) കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 19ന് അർദ്ധരാത്രി കൊല്ലം ചന്ദനത്തോപ്പ് സ്വദേശിയുടെ സ്‌കൂട്ടറിൽ കൊല്ലത്ത് നിന്ന് ലിഫ്ട് ചോദിച്ച് കയറിയ പ്രതി കരിക്കോട് ഭാഗത്ത് ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തിയ ശേഷം സ്‌കൂട്ടർ തട്ടിയെടുത്ത് കടന്ന് കളയുകയായിരുന്നു. വിവരം ഉടൻ കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് മറ്റ് സ്റ്റേഷനുകളിലേക്കും സന്ദേശം കൈമാറി. തുടർന്ന് വിവിധ ഇടങ്ങളിൽ പൊലീസ് നടത്തിയ പരിശോധനയിൽ പ്രതി കരുനാഗപ്പള്ളിയിൽ നിന്ന് ഹൈവേ പട്രോളിംഗ് സംഘത്തിന്റെ പിടിയിലാവുകയായിരുന്നു.