കൊല്ലം: 'കുടിവെള്ളം കിട്ടാതായിട്ട് ഒരാഴ്ചയായി. തുരുത്തിൽ കഴിയുന്ന ഞങ്ങളും മനുഷ്യരാണ്. ഇനി എത്രയാളുകൾ മരിച്ചാലാണ് ഞങ്ങൾക്ക് കുടിവെള്ളം കിട്ടുന്നത്...'- പുത്തൻതുരുത്ത് നിവാസിയും പാലമൂട്ടിൽ കടവിന് സമീപം വള്ളം മറിഞ്ഞ് മരിച്ച സന്ധ്യയുടെ അയൽവാസിയുമായ വീട്ടമ്മയ്ക്ക് പ്രതിഷേധവും വിഷമവും ഒരേപോലെയായിരുന്നു.
വള്ളം മറിഞ്ഞ് മരിച്ച സന്ധ്യ ഉൾപ്പെടെ തുരുത്തിലെ ജനങ്ങൾ ഒരാഴ്ചയായി കുടിവെള്ളം തേടി മുക്കാടുള്ള ഐസ് പ്ലാന്റുകളിലേക്കാണ് പോകുന്നത്. ആറുന്നൂറോളം കുടുംബങ്ങളാണ് പുത്തൻതുരുത്തിൽ മാത്രമുള്ളത്. കുട്ടികളും പ്രായമായവരും ശാരീരിക ബുദ്ധിമുട്ടുള്ളവരുമാണ് അധികവും. ചെറുവള്ളങ്ങളിലും കടത്തുവള്ളത്തിലും ജീവൻ പണയം വച്ചാണ് യാത്ര. പ്രശ്നം രൂക്ഷമായതോടെ കൗൺസിലറുടെ നേതൃത്വത്തിൽ കടത്തുവള്ളത്തിൽ ഇടക്കാലത്ത് കുടിവെള്ളം എത്തിച്ചിരുന്നു. പക്ഷേ ഇത് മുഴുവൻ ആവശ്യങ്ങൾക്കും ഉപകരിച്ചിരുന്നില്ല. പുത്തൻതുരുത്ത് ഉൾപ്പടെയുള്ള സെന്റ് ജോർജ്, സെന്റ് ജോസഫ്, സെന്റ് തോമസ്, ഫാത്തിമ, കണക്കംതുരുത്ത്, അരളപ്പൻ തുരുത്ത്, പഞ്ചായത്ത് തുരുത്ത് ,വക്കീൽ തുരുത്ത്, ചീക്കൻ തുരുത്ത് എന്നീ തുരുത്തുകളുടെയും സ്ഥിതി സമാനമാണ്.
പ്രശ്നപരിഹാരം പുരോഗതിയിൽ
കഴിഞ്ഞ ഞായറാഴ്ച രാവിലെ 6 നാണ് ചവറ പാലത്തിന് സമാന്തരമായി സ്ഥാപിച്ചിരുന്ന, ശാസ്താംകോട്ടയിൽ നിന്ന് കുടിവെള്ളം എത്തിക്കുന്ന 630 എം.എം വ്യാസമുള്ള കാസ്റ്റ് അയൺ പൈപ്പ് പൊട്ടിയത്. പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ചവറയിൽ പൊട്ടിയ കുടിവെള്ള പൈപ്പ് ബന്ധിപ്പിച്ച് ശാസ്താംകോട്ടയിൽ നിന്നുള്ള വെള്ളം കൊല്ലം നഗരത്തിലെത്താൻ നാളെവരെ കാത്തിരിക്കണം. പൊട്ടിത്തകർന്ന് ടി.എസ് കനാലിൽ പതിച്ച പൈപ്പ് ലൈൻ നീക്കം ചെയ്യാൻ ഒന്നരദിവസത്തോളം വേണ്ടിവന്നതാണ് പ്രവൃത്തികൾ വൈകാൻ കാരണം.
19 വർഷത്തോളം പഴക്കമുള്ള പൈപ്പ് ലൈനാണ് തകർന്നത്. ടി.എസ് കനാലിന് കുറുകെയുള്ള തൂണുകളിൽ ഇരുമ്പ് പാലമുണ്ടാക്കി അതിനുള്ളിലാണ് പൈപ്പ് ലൈൻ സ്ഥാപിച്ചിരുന്നത്. പാലത്തിനൊപ്പം പൈപ്പ് ലൈനും തകർന്ന് കനാലിൽ പതിക്കുകയായിരുന്നു. പ്രതിദിനം 320 ലക്ഷം ലിറ്ററോളം കുടിവെള്ളമാണ് ഈ പൈപ്പ് ലൈൻ വഴി കൊല്ലം നഗരത്തിലേക്ക് എത്തിയിരുന്നത്. നഗരത്തിൽ ഇപ്പോൾ കോർപ്പറേഷന്റെ ടാങ്കർ ലോറികളിലാണ് കുടിവെള്ളം എത്തിക്കുന്നത്.