
കൊല്ലം: പരിപാലനം മുടങ്ങിയതോടെ വി.സാംബശിവൻ സ്ക്വയർ പുല്ല് വളർന്നിറങ്ങി നശിക്കുന്നു. ചിന്നക്കട മേൽപ്പാലത്തോട് ചേർന്നാണ് വി.സാംബശിവൻ സ്ക്വയർ. സ്ക്വയറിന്റെ ഒരുവശത്തെ അരഭിത്തിയോളം പൊക്കത്തിലാണ് പാഴ്ച്ചെടികൾ വളർന്നിറങ്ങിയിരിക്കുന്നത്. തറയിലും നിറയെ പുല്ലാണ്. ശുചീകരണ തൊഴിലാളികൾ ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയിട്ട് നാളേറെയായി. വി.രാജേന്ദ്രബാബു മേയറായിരുന്നപ്പോൾ കോർപ്പറേഷന്റെ മിഷൻ കൊല്ലം പദ്ധതിയുടെ ഭാഗമായി കാഥികൻ വി.സാംബശിവന്റെ സ്മരണയ്‌ക്കായാണ് സ്ക്വയർ നിർമ്മിച്ചത്. ചിന്നക്കട മേൽപ്പാലം നവീകരണത്തോടെ ഉപയോഗശൂന്യമായ നഗരമദ്ധ്യമാണ് സാംസ്‌കാരിക പരിപാടികൾക്കായി വി.സാംബശിവൻ സ്‌ക്വയർ എന്ന പേരിൽ മാറ്റിയത്.
കോർപ്പറേഷനാണ് പരിപാലന ചുമതല. വി.സാംബശിവനോടുള്ള അവഗണനയുടെ നേർസാക്ഷ്യമായാണ് ഇന്ന് വി.സാംബശിവൻ സ്ക്വയറിന്റെ നിൽപ്പ്.
പരിപാടികളും കുറഞ്ഞു
കൊല്ലം പ്രസ് ക്ലബ് മൈതാനം അപ്രത്യക്ഷമായതോടെ പൊതുപരിപാടികൾ നടത്താൻ കൊല്ലത്ത് പ്രത്യേക സ്ഥലമുണ്ടായിരുന്നില്ല. സാംബശിവൻ സ്‌ക്വയർ യാഥാർത്ഥ്യമായതോടെ അതിന് പരിഹാരമാകുമെന്നായിരുന്നു പ്രതീക്ഷ. ഇവിടമാണിപ്പോൾ നശിക്കുന്നത്. തുടക്കത്തിൽ പരിപാടികൾ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് കുറഞ്ഞു.
സമയാസമയങ്ങളിൽ കൃത്യമായി പുല്ലുചെത്തി വൃത്തിയാക്കാറുണ്ട്. സ്ക്വയർ വാടകയ്ക് നൽകുന്നതുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണ്.
കോർപ്പറേഷൻ അധികൃതർ