kundara-east
കുറ്റിച്ചെടികളും വള്ളി പടർപ്പുകളും വളർന്ന് തിങ്ങിയ കുണ്ടറ ഈസ്റ്റ് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോം.

എഴുകോൺ: കുണ്ടറ ഈസ്റ്റ് റെയിൽവേ സ്റ്റേഷൻ പരിസരം യാത്രക്കാരെ വലയ്ക്കും വിധം കാടുമൂടിയിട്ടും പരിഹാര നടപടിയില്ല. കാത്തിരിപ്പ് കേന്ദ്രങ്ങളിൽ ഉൾപ്പെടെ പാഴ്ചെടികളും വള്ളിപ്പടർപ്പുകളും വളർന്ന് മൂടിയ നിലയിലാണ്.

എഴുകോണിനും കുണ്ടറയ്ക്കും ഇടയിൽ ധാരാളം യാത്രക്കാരെത്തുന്ന സ്റ്റേഷനാണ് കുണ്ടറ പള്ളിമുക്കിനോട് ചേർന്നുള്ള കുണ്ടറ ഈസ്റ്റ് സ്റ്റേഷൻ. രാവിലെയും വൈകിട്ടും മെമു, ഗുരുവായൂർ എക്സ്‌പ്രസ് എന്നിവയ്ക്ക് ഇവിടെ സ്റ്റോപ്പുണ്ട്. സ്റ്റേഷൻ പരിസരത്താകെ വലിയ പാഴ്‌മരങ്ങളു
ണ്ട്. ഇതിന്റെ ശിഖരങ്ങൾ പ്ലാറ്റ് ഫോമിലേക്ക് പന്തലിച്ചു നിൽക്കുന്നു. ഇതിനു പുറമേയാണ് സ്റ്റേഷൻ വളപ്പിലാകെ തിങ്ങി വളർന്ന് നിൽക്കുന്ന കുറ്റിച്ചെടികളും വള്ളിപ്പടർപ്പുകളും. കാത്തിരിപ്പ് കേന്ദ്രങ്ങൾ കാടുമൂടിയതോടെ പേടിച്ച് യാത്രക്കാർ ഇവിടെ ഇരിക്കാറില്ല. ഇഴ ജന്തുക്കൾ കടന്ന് കയറാനുള്ള സാദ്ധ്യതകളും ഏറെ. പ്ലാറ്റ്ഫോമിലൂടെ സുഗമമായി നടന്ന് നീങ്ങാനും പ്രയാസമാണ്. പലേടത്തും വസ്ത്രത്തിൽ പറ്റിപ്പിടിക്കുന്ന ഊപ്പൻ പുല്ലുകൾ കൂട്ടത്തോടെ വളർന്ന് നിൽക്കുന്നു. മനുഷ്യരിൽ അലർജിക്ക് കാരണമാകുന്ന പുഴുക്കളുടെ ശല്യവും ഉണ്ട്.

ടിക്കറ്റ് കൗണ്ടർ പരിസരവും വൃത്തിഹീനം

പള്ളിമുക്ക് ആറുമുറിക്കട ഭാഗങ്ങളിൽ നിന്ന് സ്റ്റേഷന് സമാന്തരമായി പോകുന്ന പാതയോരത്തും അരയാൾ ഉയരത്തിൽ പോച്ചയും പൊന്തയും വളർന്ന് നിൽക്കുന്നു. ടിക്കറ്റ് കൗണ്ടറിന്റെ പരിസരവും വൃത്തിഹീനമാണ്. പോച്ച തിങ്ങി നിൽക്കുന്ന സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതും പതിവാണ്. സമയബന്ധിതമായി കാട് തെളിക്കാത്തതാണ് ഈ സ്ഥിതിക്ക് കാരണം.

നിലവിലെ അവസ്ഥയ്ക്ക് അടിയന്തിര പരിഹാരം വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.