
കരുനാഗപ്പള്ളി: ദുർമന്ത്രവാദവും വ്യാജ ചികിത്സയും നടത്തി പണം തട്ടിയെടുത്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളം പെരുമണ പുതുവൽ വീട്ടിൽ കുഞ്ഞുമോനാണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. കുഞ്ഞുമോൻ താമസിച്ചുവന്ന വള്ളിക്കാവിലുള്ള വാടക വീട്ടിൽവച്ചാണ് ദുർമന്ത്രവാദവും ആഭിചാരക്രിയകളും വ്യാജ ചികിത്സയും നടത്തിവന്നത്. പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. കരുനാഗപ്പള്ളി ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ഷെമീർ, കണ്ണൻ, ഷാജിമോൻ, റഹീം, എസ്.സി.പി.ഒ ഹാഷിം, സി.പി.ഒ കൃഷ്ണകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.