കുന്നത്തൂർ: ശൂരനാട് തെക്ക്, മൈനാഗപ്പള്ളി പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന പ്ലാമൂട് ചന്തയിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് തെളിക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി.
2015ൽ കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ചാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. എന്നാൽ ഒരു വർഷം മാത്രമാണ് ലൈറ്റ് പ്രവർത്തിച്ചത്. പ്രദേശത്തെ വിവിധ സംഘടനകളുടെയും വ്യാപാരികളുടെയും പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞ മാർച്ചിൽ അറ്റകുറ്റപ്പണി നടത്തി വീണ്ടും പ്രവർത്തിപ്പിച്ചു. എന്നാൽ രണ്ടുമാസം കഴിഞ്ഞപ്പോൾ വീണ്ടും ലൈറ്റ് കണ്ണടച്ചു. നാട്ടുകാരും സംഘടനകളും നിരവധി തവണ അധികൃതരുമായി സംസാരിച്ചിട്ടും ഫലമുണ്ടായില്ല. എം.പി ഫണ്ടിൽ നിന്ന് സ്ഥാപിച്ച ലൈറ്റ് ആയതിനാൽ പ്രവർത്തിപ്പിക്കില്ലെന്ന തീരുമാനത്തിലാണ് അധികൃതരെന്ന് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു. നടപടി ഉണ്ടായില്ലെങ്കിൽ സമരത്തിലേക്ക് കടക്കുമെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ഐക്കര അഖിൽ നാഥ് പറഞ്ഞു.