കൊല്ലം: കുടിവെള്ളം ശേഖരിക്കാൻ വള്ളത്തിൽ പോകുന്നതിനിടെ വള്ളം മറിഞ്ഞ് മുങ്ങിമരിച്ച പുത്തൻ തുരുത്ത് നിവാസി സന്ധ്യയുടെ മരണവുമായി ബന്ധപ്പെട്ടും കുടിവെള്ള പ്രശ്നത്തിൽ പ്രതിഷേധിച്ചും യു.ഡി.വൈ.എഫ് ശക്തികുളങ്ങര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ റോഡ് ഉപരോധത്തിൽ നേരിയ സംഘർഷം.
കാവനാടാണ് റോഡ് ഉപരോധിച്ചത്. ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചായിരുന്നു ഉപരോധം. പൊലീസ് പിടിച്ചുമാറ്റാൻ ശ്രമിച്ചപ്പോഴാണ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായത്. പത്തോളം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ആർ.വൈ.എഫ് ദേശീയ ജോ. സെക്രട്ടറി അഡ്വ. കാട്ടൂർ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കാലപ്പഴക്കം കൊണ്ട് ചവറയിൽ കുടിവെള്ള പൈപ്പ് ലൈൻ തൂണുകൾ തകർന്നുവീണ് കുടിവെള്ള വിതരണം നിശ്ചലമായി ഒരാഴ്ച പിന്നിട്ടിട്ടും ചവറ എം.എൽ.എയുടെ നിസംഗത അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു.
യു.ഡി.വൈ.എഫ് ശക്തികുളങ്ങര മണ്ഡലം കമ്മിറ്റി ചെയർമാൻ സി.ബി.ഹരിപ്രസാദ് അദ്ധ്യക്ഷനായി.
പ്രവർത്തകരായ നഫ്‌സൽ കലതിക്കാട്, സിയാദ് കോയിവിള, സി.ബി.കൃഷ്ണപ്രസാദ്, ആർ.വൈശാഖ്, ഡിവിഷൻ രഞ്ജിത്ത് മുണ്ടേഴം, നവീൻ, ആന്റണി ജോസ്, ദിനു ദേവദാസ്, ജിൻസൺ പാപ്പച്ചൻ, അതുൽ, അരുൺ.ബി.നായർ, മനോജ് മുക്കാട്, അഭിലാഷ് പുഷ്പകശേരി, അശ്വിൻ, ഷെഹിൻ, നിയാസ് മൂലങ്കര, മീനത്തുചേരി കൗൺസിലർ ദീപു ഗംഗാധരൻ എന്നിവർ സംസാരിച്ചു.