കൊല്ലം: കൊല്ലത്തെ ഒരു സ്വകാര്യഹോട്ടലിൽ ഭക്ഷണത്തിന്റെ ഗുണനിരവാരത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ
ഭക്ഷണം കഴിക്കാനെത്തിയ സ്ത്രീകൾ ഉൾപ്പടെയുള്ളവരെ ഹോട്ടൽ ഉടമയും ജീവനക്കാരും ചേർന്ന് മർദ്ദിച്ചതായി പരാതി. ചന്ദനത്തോപ്പ് ജയിംസ് പാരഡൈസിൽ ജെഫി, അമ്മ ജസി, സഹോദരി ജയ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം.
ജസിയുടെ (64) പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് രാത്രി എട്ടോടെയാണ് കുടുംബം ഹോട്ടലിൽ എത്തിയത്. ജെഫിയെയും ജസിയെയും ജയയെയും കൂടാതെ ജെഫിയുടെ ഭാര്യയും അവരുടെ രണ്ട് കുട്ടികളും ജെഫിയുടെ സഹോദരൻ ജനീഷും ഭാര്യയും രണ്ട് കുട്ടികളുമായിരുന്നു ഉണ്ടായിരുന്നത്. ഭക്ഷണം കഴിച്ച ശേഷം ഗുണനിലവാരവുമായി ബന്ധപ്പെട്ട് ജീവനക്കാരുമായി തർക്കം ഉണ്ടായി. ഇതിനിടയിൽ ജെഫി ഫോണിൽ വീഡിയോ പകർത്തിയത് കൂടുതൽ പ്രകോപനം ഉണ്ടാക്കി. ബില്ല് കൊടുത്ത് ജനീഷ് കാറിൽ കയറുകയും പിന്നാലെ എത്തിയ മറ്റ് കുടുംബാംഗങ്ങളെ ഹോട്ടലുടമയും ജീവനക്കാരുമടങ്ങുന്ന അഞ്ചംഗസംഘം മർദ്ദിക്കുകയുമായിരുന്നു എന്നാണ് പരാതി
കുട്ടികളുടെ മുന്നിലിട്ട് സ്ത്രീകളെയും കൈയേറ്റം ചെയ്തു. ജസിയെ നിലത്തേക്ക് വലിച്ചെറിഞ്ഞു എന്നാണ് ആരോപണം . സാരമായി പരിക്കേറ്റ ജെഫി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബം കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.