കൊല്ലം: വിരമിച്ച കെ.എം.എം.എൽ ജീവനക്കാരുടെ നിറുത്തലാക്കിയ മെഡിക്കൽ സ്‌‌കീം പുനഃസ്ഥാപിക്കാത്ത മാനേജ്‌മെന്റ് കോടിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്ന് ഹൈക്കോടതി. 2000 ജനുവരി ഒന്ന് മുതൽ വിരമിച്ച ജീവനക്കാർക്കും ആശ്രിതർക്കും ആരംഭിച്ച മെഡിക്കൽ സ്‌കീം ഒരു വർഷം പൂർത്തിയായപ്പോൾ സ്‌കീം തുടരാൻ ഡയറക്‌‌ടർ ബോർഡ് സർക്കാർ അനുമതി തേടിയിരുന്നു. കെ.എം.എം.എൽ റിട്ട. ജീവനക്കാർക്ക് മെഡിക്കൽ സ്‌കീം അനവദിച്ചാൽ മറ്റ് പൊതുമേഖല സ്ഥാപനങ്ങളിലും സ്‌‌കീം നടപ്പാക്കേണ്ടി വരുമെന്ന സർക്കാർ നിലപാടിനെതിരെ റിട്ട. എംപ്ലോയീസ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതീവ അപകടാവസ്ഥയുള്ള കെമിക്കൽ പ്ലാന്റിൽ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ ആവശ്യം പ്രത്യേകമായി പരിഗണിക്കണമെന്ന് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ 2023 ജൂലായ് 24ന് വിധി പുറപ്പെടുവിച്ചിരുന്നു. രണ്ട് മാസത്തിനകം വിധി നടപ്പാക്കണെന്നും വ്യക്തമാക്കിയിരുന്നു. വിധി നടപ്പാക്കാത്ത സാഹചര്യത്തിൽ 2025 ജനുവരി 15 ന് മുമ്പ് കോടതിൽ സത്യവാങ് മൂലം ഫയൽ ചെയ്യണമെന്നും അല്ലാത്ത പക്ഷം ചെയർമാനും മാനേജ്മെന്റും ഉൾപ്പടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കോടതിയലക്ഷ്യ നടപടികൾക്ക് വിധേയരാകാൻ 15 ന് നേരിട്ട് ഹാജരാകണമെന്നും ജസ്‌റ്റിസ് രാമചന്ദ്രൻ ഉത്തരവായി. ആദ്യ ഉത്തരവ് നടപ്പാക്കാത്ത സാഹചര്യത്തിൽ അസോസിയേഷൻ അഡ്വ. ഐ.വിനയകുമാരി മുഖേന ജൂലായ് 17 ന് ഫയൽ ചെയ്‌ത കോടതിയലക്ഷ്യ കേസിലാണ് വിധി. കെ.എം.എം.എൽ റിട്ട. എംപ്ളോയീസ് അസോസിയേഷൻ പ്രസിഡന്റ് വി.കിഷോർ, ജനറൽ സെക്രട്ടറി പി.രഘുനാഥ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഹർജി ഫയൽ ചെയ്തത്.