buu

കൊല്ലം: ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന കെ.എസ്.ആർ.ടി.സി പത്തനംതിട്ട-ചെങ്ങന്നൂർ ചെയിൻ സർവീസുകൾ താറുമാറാകുന്നു. പഴക്കം ചെന്ന ബസുകൾ ഇടയ്ക്കിടെ വഴിയിലാകുന്നതും ഡ്രൈവർമാരില്ലാത്തതുമാണ് സർവീസ് ഇടയ്ക്കിടെ റദ്ദാകുന്നതിന് കാരണം.

ആകെ പതിനഞ്ച് ബസുകളാണ് കൊല്ലം-പത്തനംതിട്ട ചെയിൻ സർവീസിലുള്ളത്. 20 മിനിറ്റ് ഇടവേളയിലാണ് സർവീസ് സമയക്രമം. കൊല്ലം- പത്തനംതിട്ട ജില്ലകളിലെ സർക്കാർ ഉദ്യോഗസ്ഥർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ, തൊഴിലാളികൾ തുടങ്ങി നിരവധി പേരാണ് ഈ സർവീസിനെ സ്ഥിരമായി ആശ്രയിക്കുന്നത്. പക്ഷെ ഈ ചെയിൻ സർവീസിൽ കയറിയാൽ കൃത്യസമയത്ത് ലക്ഷ്യസ്ഥാനങ്ങളിൽ എത്താനാകാത്ത സ്ഥിതിയാണെന്ന് യാത്രക്കാർ പറയുന്നു.

ഒന്നുകിൽ ടയർ പഞ്ചറാകും, അല്ലെങ്കിൽ ബ്രേക്ക് ഡൗണാകും. ചെയിനിലെ പല ഷെഡ്യൂളികളിലെയും ട്രിപ്പുകൾ റദ്ദാക്കിയതിനാൽ 20 മിനിറ്റ് സമയക്രമവും പാളിയിരിക്കുകയാണ്.

ചെങ്ങന്നൂർ ചെയിനിലെ

ഏഴിൽ മൂന്നും വെട്ടി

കൊല്ലം ഡിപ്പോയിൽ നിന്ന് ചെങ്ങന്നൂർ ചെയിൻ സർവീസ് നടത്തിയിരുന്ന ഏഴ് ബസുകളിൽ മൂന്നെണ്ണം റദ്ദാക്കി. വരുമാന നഷ്ടമെന്നാണ് വിശദീകരണം. ഇടയ്ക്കിടെ സർവീസ് റദ്ദാക്കിയതോടെ യാത്രക്കാർ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കാൻ തുടങ്ങിയതാണ് വരുമാനം കുറയാൻ കാരണമെന്ന് ജീവനക്കാർ പറയുന്നു. 20 മിനിറ്റ് ഇടവേളയിലായിരുന്നു നേരത്തെ സർവീസ്. മൂന്ന് ബസുകൾ കുറഞ്ഞതോടെ അര മണിക്കൂറിലേറെ യാത്രക്കാർ കാത്തുനിൽക്കേണ്ട അവസ്ഥയാണ്.

കൊല്ലം-പത്തനംതിട്ട ചെയിൻ

കൊല്ലം ഡിപ്പോ- 2 ഫാസ്റ്റ് പാസഞ്ചർ, 5 ലി.മി. ഓർഡിനറി
പത്തനംതിട്ട ഡിപ്പോ - 4 ലി.മി. ഓർഡനറി
അടൂർ ഡിപ്പോ- 4 ലി.മി. ഓർഡിനറി

കൊല്ലം-ചെങ്ങന്നൂർ ചെയിൻ

കൊല്ലം ഡിപ്പോ- 4 ലി.മി. ഓർഡിനറി

നേരത്തെ 7 ലി.മി. ഓർഡിനറി
ചെങ്ങന്നൂർ ഡിപ്പോ- 7 ലി.മി. ഓർഡിനറി

കളക്ഷൻ കുറവായത് കാരണമാണ് കൊല്ലം-ചെങ്ങന്നൂർ ചെയിനിലെ രണ്ട് ബസുകൾ വെട്ടിക്കുറച്ചത്. കൊല്ലം- പത്തനംതിട്ട ചെയിനിലെ കൊല്ലം ഡിപ്പോയിലെ ബസുകൾ കാര്യമായി മുടങ്ങിയിട്ടില്ല.

കെ.എസ്.ആർ.ടി.സി കൊല്ലം ഡി.ടി.ഒ