കിഴക്കേകല്ലട: സി.പി.എം കിഴക്കേ കല്ലട ചിറ്റുമല ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴക്കേ കല്ലട ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെയും കുടുംബാരോഗ്യ കേന്ദ്രം വൈകിട്ട് 6 വരെ പ്രവർത്തിപ്പിക്കുക, ആബുലൻസ് ഷെഡ് നിർമ്മാണത്തിലെ അഴിമതി വിജലൻസ് അന്വേഷിക്കുക, പകൽ വീട് തുറന്ന് പ്രവർത്തിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കിഴക്കേ കല്ലട ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ചിറ്റുമലയിൽ നിന്ന് ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിന് മുന്നിൽ അവസാനിച്ചു. യോഗം സി പി.എം കുണ്ടറ ഏരിയ സെക്രട്ടറി ആർ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ചിറ്റുമല ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ.എസ്.ശാന്തകുമാർ അദ്ധ്യക്ഷനായി. കിഴക്കേ കല്ലട ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി.വേലായുധൻ, എൻ.വിജയൻ, എം.ഷിബു തമ്പാൻ, അഡ്വ.സി.ബിനു, അഡ്വ.സജി മാത്യു, അനിഷ്.കെ.അയ്യപ്പൻ എന്നിവർ സംസാരിച്ചു.