കൊല്ലം: മണിയാർ ജലവൈദ്യുതി പദ്ധതി വൈദ്യുതി ബോർഡ് ഏറ്റെടുക്കണമെന്ന് കെ.എസ്.ഇ.ബി പെൻഷണേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. വൈദ്യുതിക്ഷാമം രൂക്ഷമായ 1987ൽ പരിഹാരം കാണാനുള്ള ആലോചനകളിൽ നിന്നാണ് ചെറുകിട/മിനി/മൈക്രോ ജലവൈദ്യുതി പദ്ധതികൾ ക്യാപ്ടീവ് പവർ യൂണിറ്റുകളായോ ഇൻഡിപെൻഡന്റ് പവർ യൂണിറ്റുകളായോ ആരംഭിക്കാനുള്ള അനുമതി വ്യവസായികൾക്കും സ്വകാര്യ സംരംഭകർക്കും നൽകാൻ സർക്കാർ തീരുമാനിച്ചത്. ഇതുപ്രകാരം ആരംഭിച്ചതാണ് മണിമലയാർ പദ്ധതി.
പദ്ധതി നിർമ്മിച്ച് സ്വന്തം ഉടമസ്ഥതയിൽ പ്രവർത്തിപ്പിച്ച് 30 വർഷം കഴിയുമ്പോൾ എല്ലാ ആസ്‌തികളോടും കൂടി വൈദ്യുതി ബോർഡിന് നൽകണമെന്ന വ്യവസ്ഥയിലാണ് അനുമതി നൽകിയത്. കരാർപ്രകാരമുള്ള കാലാ വധി 2024 ഡിസംബറിൽ അവസാനിക്കുമ്പോൾ സ്വാഭാവികമായും അത് വൈദ്യുതി ബോർഡിന്റെ പക്കലേക്ക് കൈമാറേണ്ടതാണ്. എന്നാൽ 25 വർഷത്തേക്ക് കാലാവധി നീട്ടണമെന്ന അപേക്ഷ കമ്പനി വൈദ്യുതി ബോർഡിന് നൽകുകയും ബോർഡ് അത് നിഷേധിക്കുകയും ചെയ്‌തു. വ്യവസായ താത്പര്യം മുൻനിറുത്തി കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് കമ്പനി സംസ്ഥാന സർക്കാരിനെ സമീപിച്ചിരിക്കുകയാണ്. ഈ ആവശ്യം സർക്കാർ തള്ളണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.