കൊല്ലം: കെ.എസ്.ഇ.ബി വൈദ്യുതി കണക്ഷൻ നൽകാത്തതിനാൽ നിർമ്മാണം പൂർത്തിയായി രണ്ട് മാസത്തിലേറെ പിന്നിട്ട കടവൂർ കാമ്പിക്കുളത്തെയും നീരാവിൽ ലക്ഷം വീട് കോളനിയിലെയും പമ്പ് ഹൗസുകളിൽ നിന്ന് ജലവിതരണം ആരംഭിക്കാനാകുന്നില്ല.
പെരിനാട് സെക്ഷനിൽ വാട്ടർ അതോറിറ്റിയുടെ കുടിശികയായ 53 ലക്ഷം രൂപ അടച്ചാലേ കണക്ഷൻ നൽകൂവെന്നാണ് കെ.എസ്.ഇ.ബിയുടെ നിലപാട്. കാമ്പിക്കുളത്തും നീരാവിൽ ലക്ഷം വീട് കോളനിയിലും പരിസര പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം അതിരൂക്ഷമായതിനെ തുടർന്നാണ് കോർപ്പറേഷൻ കുഴൽക്കിണറുകൾ നിർമ്മിക്കാൻ പണം അനുവദിച്ചത്.
ഭൂഗർഭജല വകുപ്പ് മാസങ്ങൾക്ക് മുമ്പേ ഇരുകുഴൽക്കിണറുകളുടെയും നിർമ്മാണം പൂർത്തിയാക്കി. രണ്ട് മാസം മുമ്പ് പമ്പ് ഹൗസുകളുടെ നിർമ്മാണം പൂർത്തിയാക്കി 10 എച്ച്.പി ശേഷിയുള്ള രണ്ട് പമ്പുകളും എത്തിച്ചു. അതിന് പിന്നാലെ വൈദ്യുതി കണക്ഷനായി കെ.എസ്.ഇ.ബിയെ സമീപിച്ചപ്പോഴാണ് കുടിശിക തുക പൂർണമായും അടക്കണമെന്ന മറുപടി ലഭിച്ചത്. രണ്ട് പമ്പ് ഹൗസുകളുടെയും ഡെപ്പോസിറ്റ് തുക സ്വീകരിച്ച് കണക്ഷൻ നൽകണമെന്ന് വാട്ടർ അതോറിറ്റി അധികൃതർ പലതവണ ആവശ്യപ്പെട്ടിട്ടും കെ.എസ്.ഇ.ബി അധികൃതർ വഴങ്ങുന്നില്ല.
കുടിവെള്ളം ഇല്ലാതെ
ആയിരത്തോളം വീടുകൾ
ആയിരത്തോളം വീടുകളിൽ കുടിവെള്ളം എത്തിക്കാനാണ് നഗരസഭ രണ്ടിടത്തും കുഴൽക്കിണർ നിർമ്മിച്ചത്. നിലവിൽ ഈ പ്രദേശങ്ങളിൽ ടാപ്പുകളുണ്ടെങ്കിലും കൃത്യമായി കുടിവെള്ളം ലഭിക്കാറില്ല. വേനൽ എത്തുന്നതോടെ ക്ഷാമം അതിരൂക്ഷമാകും.
ഇരുപമ്പ് ഹൗസുകളിലെയും വൈദ്യുതി കണക്ഷനായി രണ്ടുമാസം മുമ്പേ കെ.എസ്.ഇ.ബിയെ സമീപിച്ചതാണ്. പെരിനാട് സെക്ഷനിലെ വാട്ടർ അതോറിറ്റിയുടെ മുഴുവൻ കുടിശ്ശികയും അടച്ചാലേ കണക്ഷൻ നൽകൂവെന്നാണ് പറയുന്നത്.
വാട്ടർ അതോറിറ്റി അധികൃതർ