kareepra

എഴുകോൺ: തെരുവുനായ ശല്യത്തിൽ പ്രതി​ഷേധി​ച്ച് പ്ലക്കാർഡും മുദ്രാവാക്യം വിളികളുമായി പഞ്ചായത്ത് ഓഫീസി​നു മുന്നി​ൽ മൂന്നംഗ സംഘം നടത്തി​യ സമരം വേറിട്ട കാഴ്ചയായി. റിട്ട. എയർഫോഴ്സ് ജീവനക്കാരനും നിലവിൽ ട്യൂഷൻ അദ്ധ്യാപകനുമായ കടയ്ക്കോട് മനുസ്മൃതിയിൽ എം.എസ്. മനുശങ്കറാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

ആഴ്ചകൾക്ക് മുൻപ് ചായക്കടയിൽ വച്ച് മനുവിന് തെരുവു നായയുടെ കടിയേറ്റിരുന്നു. തുടർ ഭഗത് സിംഗ് പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി എന്ന പേരിൽ സ്വന്തമായൊരു പ്രസ്ഥാനത്തിനും രൂപം നൽകി. നോട്ടീസടിച്ച് പ്രചരണം നടത്തി ആളിനെ ക്ഷണിച്ചു. അധികാരികൾക്ക് നൽകാൻ തയ്യാറാക്കിയ നിവേദനത്തിൽ 50 ൽ പരം ആളുകൾ ഒപ്പിടുകയും ചെയ്തു. എന്നാൽ ആരും പ്രതിഷേധി​ക്കാൻ എത്തി​യി​ല്ല. പക്ഷേ, മനു സാറിനെ കൈവി​ടാതെ ശ്രീരാഗ്, ദക്ഷിത് എന്നീ വിദ്യാർത്ഥികൾ ഒപ്പം നി​ന്നു. മൂന്ന് പേരും പ്ലക്കാർഡുമായി​ കരീപ്ര ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി​. തെരുവു നായ്ക്കളുടെ വന്ധ്യംകരണത്തിനുള്ള എ.ബി.സി സെന്ററുകൾ പ്രവർത്തിപ്പിക്കുക, ഷെൽട്ടറുകൾ ഒരുക്കുക എന്നി​വയായി​രുന്നു ആവശ്യങ്ങൾ. സമരക്കാരെ നേരിടാൻ രണ്ടു പൊലീസുകാരും സ്ഥലത്ത് ഉണ്ടായി​രുന്നു. പഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകി​യ ശേഷമാണ് സമരം അവസാനിപ്പിച്ചത്.