
കൊട്ടാരക്കര: എം.സി റോഡിൽ കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ചെങ്ങമനാട് അരിങ്ങട ചരുവിള വീട്ടിൽ വിഷ്ണുദേവാണ് (29) മരിച്ചത്. ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. സഹോദരൻ വൈശാഖിനെ കൂട്ടിക്കൊണ്ടുവരാൻ ബൈക്കിൽ എത്തിയതാണ് വിഷ്ണുദേവ്.
കരിക്കം സി.എൻ.ജി പമ്പിൽ നിന്ന് ഇന്ധനം നിറച്ച ശേഷം സ്റ്റാൻഡിലേക്ക് വരികയായിരുന്ന ബസ് പുലമൺ ജംഗ്ഷനിലെ ട്രാഫിക്ക് സിഗ്നൽ ഭാഗത്തുവച്ച് തിരിയുന്നതിനിടയിൽ വിഷ്ണുദേവിന്റെ ബൈക്കിൽ ഇടിച്ചു. റോഡിൽ തെറിച്ചുവീണ വിഷ്ണുദേവിന്റെ ശരീരത്തുകൂടി ബസിന്റെ ചക്രങ്ങൾ കയറിയിറങ്ങി. സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. ബസ് അമിത വേഗത്തിൽ വീശിയെടുത്തതാണ് അപകട കാരണമെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞു. മൃതദേഹം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. എട്ടുമാസം മുമ്പായിരുന്നു വിഷ്ണുദേവിന്റെ വിവാഹം. ഭാര്യ: വൈഷ്ണവി. അച്ഛൻ: ശശികുമാർ. അമ്മ: ഷീജ. കൊട്ടാരക്കര പൊലീസ് കേസെടുത്തു. ബസ് കസ്റ്റഡിയിലെടുത്തു. ഫയർഫോഴ്സ് എത്തിയാണ് റോഡ് കഴുകി രക്തവും മറ്റും നീക്കം ചെയ്തത്.