
എഴുകോൺ: നെടുമൺകാവ് കുടിക്കോട് ബാറിന് മുന്നിലെ റോഡിൽ രണ്ട് യുവാക്കളെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ സഹോദരങ്ങളടക്കം ആറ് പേരെ എഴുകോൺ പൊലീസ് പിടികൂടി. കുടിക്കോട് അമ്പിളി ഭവനിൽ അജിത് (29), സഹോദരൻ അനൂപ് (26), കുടിക്കോട് രാഹുൽ ഭവനിൽ രഹിൻ രവീന്ദ്രൻ (26), മടന്തകോട് അശ്വതി ഭവനിൽ അജിത് (25), വാക്കനാട് നളിനി മന്ദിരത്തിൽ ആകാശ് (22), കുടിക്കോട് എം.എസ് മന്ദിരത്തിൽ കൃഷ്ണദാസ് (22) എന്നിവരാണ് പിടിയിലായത്. കുളപ്പാടം ചരുവിള കടയിൽ മാഹിൻ (31), സുഹൃത്ത് ബിനോയ് എന്നിവരെയാണ് പ്രതികൾ ആക്രമിച്ചത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. മാഹിനും ബിനോയിയും ഇരുചക്ര വാഹനത്തിൽ വരുന്നതിനിടെ അക്രമി സംഘം സ്കോർപ്പിയോ ജീപ്പിലെത്തി ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടിയും അടിച്ചും പരിക്കേൽപ്പിക്കുകയായിരുന്നു. മാഹിന്റെ തലയ്ക്ക് ആഴത്തിൽ വെട്ടേൽക്കുകയും മോതിര വിരലിന്റെ അഗ്രം അറ്റുപോവുകയും ചെയ്തു. ഇവരെ മീയണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.