
കൊട്ടാരക്കര: കൊട്ടാരക്കര ടൗണിൽ റെയിൽവേ സ്റ്റേഷൻ ജംഗ്ഷനും പുലമൺ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനും ഇടയിലുള്ള രണ്ടര കിലോമീറ്റർ വാഹന യാത്രയ്ക്ക് മിനിമം വേണ്ടത് ഒന്നര മണിക്കൂർ! കേവലം 20 മിനുട്ടുകൊണ്ട് നടന്നെത്താൻ കഴിയുന്ന ദൂരത്തിലാണ് ഈ ദുർഗതി.
തിരക്കും കുരുക്കും ദിനംപ്രതി പെരുകുന്ന ഇടമായി മാറുകയാണ് കൊട്ടാരക്കര ടൗൺ. പരാതികളും പരിഭവങ്ങളും ഏറിയപ്പോൾ കുഴുക്കഴിക്കാൻ അധികൃതർ പരമാവധി ശ്രമിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. ടൗണിലെ ഗതാഗതക്കുരുക്ക് കാരണം മറ്റു വഴികളിലൂടെ പോവേണ്ട അവസ്ഥയിലാണ് യാത്രക്കാർ. ക്രിസ്മസ് അവധിയും ശബരിമല സീസണിലെ മണ്ഡല കാലവുമാണ് തിരക്കു വർദ്ധിക്കാൻ കാരണം. ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നിരവധി പദ്ധതികൾക്കാണ് 15 വർഷത്തിനിടെ രൂപം നൽകിയത്. ഒന്നുപോലും നടപ്പാക്കാനായില്ല. റിംഗ് റോഡും ബൈപാസും എല്ലാ കൊട്ടാരക്കരയുടെ സ്വപ്ന പദ്ധതികളാണ്.
വർഷങ്ങൾക്കു മുമ്പ് ഉണ്ടായിരുന്ന റോഡുകൾ വികസിപ്പിക്കാനോ വാഹനങ്ങൾ മറ്റിടങ്ങളിലൂടെ തിരിച്ചു വിടാനോ സാധിക്കാത്ത അവസ്ഥയാണ്. ദേശീയപാത വികസനത്തിനായി തമിഴ്നാട്ടിൽ നിന്നും മറ്റും ലോഡുമായെത്തുന്ന ടോറസ് ലോറികൾ ഉൾപ്പെടെയുള്ളവ മറ്റു വഴികളിലൂടെ വിട്ടാൽ ടൗണിലെ കുരുക്കിന് ഒരു പരിധിവരെ പരിഹാരമാകും.
ദീർഘദൂര സർവീസുകൾ
വഴിതിരിച്ചു വിടണം
ദീർഘദൂര സർവീസുകളെ ടൗണിൽ നിന്ന് അകറ്റി നിറുത്തിയാൽ തീരാവുന്നതാണ് കൊട്ടാരക്കര ടൗണിലെ ഗതാഗത കുരുക്ക്. തിരക്കു കാരണം സർക്കാർ ജീവനക്കാർക്കും തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും കൃത്യസമയത്ത് എത്തിച്ചേരാൻ കഴിയാത്ത അവസ്ഥയാണ്.
അത്യാസന്ന നിലയിലുള്ള രോഗികളുമായി ആശുപത്രിയിലെത്തുന്നവരും ആംബുലൻസുകളും കുരുക്കിൽ വലയുന്നത് പതിവ് കാഴ്ചയാണ്.