കൊല്ലം: ചവറയിൽ ടി.എസ് കനാലിന് കുറുകെയുള്ള ഭാഗത്ത് പൊട്ടിയ ശാസ്താംകോട്ടയിൽ നിന്ന് കൊല്ലം നഗരത്തിലേക്കുള്ള കുടിവെള്ള പൈപ്പ് ലൈനിന്റെ അറ്റകുറ്റപ്പണി നീളുന്നു. പുതിയ പൈപ്പ് ലൈനുകൾ ഇന്നലെ കനാലിൽ ഇറക്കിയെങ്കിലും പൊട്ടിയതിന്റെ ബാക്കി ഭാഗവുമായി ബന്ധിപ്പിക്കാനായില്ല.

അറ്റകുറ്റപ്പണി പൂർത്തിയാക്കി ഇന്ന് കൊല്ലം നഗരത്തിലെ കുടിവെള്ള വിതരണം പുനരാരംഭിക്കാമെന്ന പ്രതീക്ഷയിലായിരുന്നു വാട്ടർ അതോറിറ്റി. എന്നാൽ പഴയ പൈപ്പ് ലൈനുമായി ബന്ധിപ്പിക്കുന്നതിന് തൊട്ടടുത്ത് കനാൽ കരയിൽ പുതിയ പൈപ്പ് സ്ഥാപിക്കുന്നതിന് കോൺക്രീറ്റ് കുറ്റികൾ തടസമാവുകയായിരുന്നു. ഇന്നലെ രാവിലെ കനാലിൽ ഇറക്കിയ പൈപ്പ് ലൈൻ ഉച്ചയ്ക്ക് 12 ഓടെ തിരിച്ചുകയറ്റുകയായിരുന്നു. നേരത്തെ തീരുമാനിച്ചതിൽ നിന്ന് അല്പം അകലേക്ക് മാറ്റി പൈപ്പ് സ്ഥാപിക്കാനുള്ള ജോലി രാത്രി വൈകിയും പുരോഗമിക്കുകയാണ്.

ഇന്ന് വൈകിട്ടോടെ പുതിയ പൈപ്പ് ലൈൻ പഴയതുമായി ബന്ധിപ്പിച്ച് പ്രവൃത്തി പൂർത്തിയാക്കാമെന്നാണ് വാട്ടർ അതോറിറ്റി അധികൃതരുടെ കണക്കുകൂട്ടൽ. പൂർത്തിയായാൽ നാളെ നഗരത്തിലേക്കുള്ള കുടിവെള്ള വിതരണം പുനരാരംഭിക്കും.

പൈപ്പ് സ്ഥാപിക്കാൻ നേരത്തെ നിശ്ചയിച്ച അലൈൻമെന്റിൽ കനാൽ കരയിൽ മണ്ണ് നീക്കിയപ്പോൾ കോൺക്രീറ്റ് കുറ്റികൾ തെളിഞ്ഞു. അതുകാരണം അലൈൻമെന്റ് മാറ്റേണ്ടി വന്നു. ഇന്ന് പൈപ്പുകൾ സ്ഥാപിച്ച് പരസ്പരം ബന്ധിപ്പിക്കാമെന്നാണ് പ്രതീക്ഷ.

സാബിർ.എ റഹീം

വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനിയർ