
തൊടിയൂർ: മുഹൂർത്തമില്ല, മിന്നുകെട്ടില്ല, വാദ്യമേളങ്ങളില്ല, ആർഭാടമായ സദ്യവട്ടങ്ങൾ ഒന്നും ഇല്ലാതെയാണ് തൊടിയൂരിൽ ഇന്നലെ ഒരു വിവാഹം നടന്നത്. ബാലസംഘം ജില്ലാ കോ ഓർഡിനേറ്ററും കില ഫാക്കൽറ്റി അംഗവുമായ തൊടിയൂർ വേങ്ങറ രാമാലയത്തിൽ തൊടിയൂർ രാധാകൃഷ്ണന്റെയും തൊടിയൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും ശാസ്ത്ര ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥന കമ്മിറ്റി അംഗവും കില ഫാൽക്കറ്റി അംഗവുമായ എൽ.ഷൈലജയുടെയും മകൾ കലാമണ്ഡലം എസ്.ആർ.അക്ഷയയും കണ്ണൂർ ചാവശേരി പുതിയ വീട്ടിൽ എം.പങ്കജവല്ലിയുടെയും എൻ.രാജന്റെയും മകൻ രാഹുൽ മുരിക്കഞ്ചേരിയുമാണ് ആയിരങ്ങളെ സാക്ഷിയാക്കി ഇടക്കുളങ്ങര രാജധാനി ഓഡിറ്റോറിയത്തിൽ വിവാഹിതരായത്.
1954ലെ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം കരുനാഗപ്പള്ളി അഡിഷണൻ സബ് രജിസ്ട്രാർ സിന്ധുമോൾ വേദിയിലെത്തി വിവാഹം രജിസ്റ്റർ ചെയ്തു. ജാതി-മത ചിന്തകൾക്കതീതമായ ജീവിതം നയിക്കാൻ താത്പര്യമുള്ള ജീവിത പങ്കാളിയെ തേടുന്നുവെന്ന അക്ഷയയുടെ പത്ര പരസ്യം കണ്ടാണ് തുടർ നടപടികളിലേയ്ക്ക് കടന്നത്.
മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും സാന്നിദ്ധ്യത്തിൽ പരസ്പരം സംസാരിച്ച ശേഷമാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്. അക്ഷയ സ്വന്തം നിലയിലാണ് ക്ഷണക്കത്ത് തയ്യാറാക്കിയത്. 'ഞങ്ങൾക്കുവേണ്ടി സംഭാവനകളോ ഉപഹാരങ്ങളോ കരുതേണ്ടതില്ല, പകരം സ്നേഹം നിറഞ്ഞ പുഞ്ചിരി മാത്രം മതിയെന്നാണ്', ക്ഷണക്കത്തിലെ കുറിപ്പ്.
ആയിരങ്ങൾ സാക്ഷി
കുറച്ചുപേരെ മാത്രമാണ് നേരിൽ ക്ഷണിച്ചത്. സമൂഹമാദ്ധ്യമങ്ങളിലെ ക്ഷണം സ്വീകരിച്ചാണ് വൻ ജനാവലി എത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, കാപ്പെക്സ് ചെയർമാൻ എൻ.ശിവശങ്കരപ്പിള്ള, സി.പി.എം ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.ബി.സത്യദേവൻ, ബി.ഗോപൻ, കെ.പി.സി.സി.സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ, മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം തൊടിയൂർ താഹ, ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി അംഗം ജി.രാജശേഖരൻ, ഡെവലപ്പ്മെന്റ് കമ്മിഷണർ സുദേശൻ എന്നിവർ നവദമ്പതികൾക്ക് ആശംസ അർപ്പിക്കാൻ എത്തിയിരുന്നു