കൊല്ലം: മകനൊപ്പം കുടിവെള്ളം ശേഖരിച്ച് മടങ്ങുന്നതിനിടെ വള്ളം മുങ്ങി മരിച്ച പുത്തൻ തുരുത്ത് സേവ്യർ ഭവനിൽ സന്ധ്യയ്ക്ക് നാട് കണ്ണീരോടെ വിട നൽകി. കാവനാട് മുക്കാട് ഹോളിഫാമിലി പള്ളിയിലായിരുന്നു സംസ്കാര ചടങ്ങ്. സ്വന്തമായി വീടില്ലാത്ത സന്ധ്യയും കുടുംബവും പുത്തൻതുരുത്തിൽ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. അതുകൊണ്ട് പുത്തൻതുരുത്തിലുള്ള ബന്ധുവീട്ടിലേക്കാണ് രാവിലെ മൃതദേഹം കൊണ്ടുവന്നത്. സന്ധ്യയുടെ ഭർത്താവ് സെബാസ്റ്റ്യനെയും മക്കളായ എബിയെയും സ്റ്റെനിയെയും ആശ്വാസിപ്പിക്കാനാകാതെ നാടാകെ വിങ്ങി. 11 ഓടെ സംസ്കാരത്തിനായി പള്ളിയിലേക്ക് കൊണ്ടുപോയി. എൻ.കെ.പ്രേമചന്ദ്രൻ എം.പി, മേയർ പ്രന്നണ ഏണസ്റ്റ്, ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ, ഡെപ്യുട്ടി മേയർ കൊല്ലം മധു, മുൻ മന്ത്രി ഷിബു ബേബിജോൺ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.

ഞായറാഴ്ച രാവിലെ 8.30 ഓടെ പാലമൂട്ടിൽ കടവിന് സമീപത്തായിരുന്നു അപകടം. മകൻ എബിയോടൊപ്പം തുരുത്തിനക്കരെയുള്ള പാലമൂട്ടിൽ കടവിൽ നിന്ന് ചെറുവള്ളത്തിൽ കുടിവെള്ളം ശേഖരിച്ച് മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്. ശക്തമായ ഒഴുക്കിൽ നിയന്ത്രണം തെറ്റിയ വള്ളം സമീപത്ത് കെട്ടിയിട്ടിരുന്ന ബോട്ടുമായി കൂട്ടിയിടിച്ച് മറിയുകയായിരുന്നു. എബി ബോട്ടിൽ പിടിച്ചുകിടന്നതിനാൽ രക്ഷപ്പെട്ടു. എന്നാൽ ബോട്ടിനടിയിലേക്ക് വീണ സന്ധ്യ മുങ്ങിത്താഴുകയായിരുന്നു. എബിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരെയും കരയ്ക്കെത്തിച്ചത്. ഉടൻ സന്ധ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുടുംബത്തിന് വീട് നിർമ്മിക്കാൻ

കൂട്ടായി ശ്രമിക്കും: പ്രേമചന്ദ്രൻ

മൂന്ന് സെന്റ് ഭൂമി കണ്ടെത്തി സന്ധ്യയുടെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകാൻ കൂട്ടായി ശ്രമിക്കുമെന്ന് അന്ത്യാഞ്ജലി അർപ്പിച്ച ശേഷം എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ചവറയിൽ പൈപ്പ് പൊട്ടി ദിവസം കഴിഞ്ഞിട്ടും കുടിവെള്ളം പുനരാരംഭിക്കാനായിട്ടില്ല. യുദ്ധകാലടിസ്ഥാനത്തിൽ പ്രവൃത്തി പൂർത്തിയാക്കണം. നഗരത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാൻ ഞാങ്കടവ് കുടിവെള്ള പദ്ധതി എത്രയും വേഗം പൂർത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.