കൊല്ലം: ചവറയിൽ പൈപ്പ് പൊടിയതിനെ തുടർന്ന് കുടിവെള്ള ക്ഷാമം രൂക്ഷമായ ശക്തികുളങ്ങര മേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന പരിഹാര നടപടികൾ ദ്രുതഗതിയിലാക്കിയതായി മേയർ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ പറഞ്ഞു. കുടിവെള്ളം ശേഖരിക്കാൻ പോയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം സംഭവിച്ച വിഷയത്തിന് മറുപടി പറയുകയായിരുന്നു മേയർ.

ജനങ്ങൾ കുടിവെള്ള ക്ഷാമം നേരിടാൻ തുടങ്ങിയപ്പോൾ മുതൽ കോർപ്പറേഷന്റെ ജലസംഭരണ ലോറികളും ജലവകുപ്പിന്റെ ലോറികളും പ്രദേശത്തേക്ക് വിട്ടുനൽകിയിരുന്നു. ഏന്നാൽ തുരുത്ത് പ്രദേശങ്ങളിൽ വള്ളത്തിൽ മാത്രമേ വെള്ളം കൊണ്ടുപോകാൻ കഴിയൂ എന്നത് വെല്ലുവിളി സൃഷ്ടിച്ചു.പ്രശ്ന പരിഹാരത്തിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മുമ്പ് തന്നെ അനുമതി നൽകിയിരുന്നതായും മേയർ വ്യക്തമാക്കി. വള്ളം മറിഞ്ഞ് മരണമടഞ്ഞ സന്ധ്യ സെബാസ്റ്റ്യന് യോഗം അന്ത്യാഞ്ജലി അർപ്പിച്ചു.

കഴിഞ്ഞ ഒരാഴ്ചയായി മണിച്ചിത്തോട്ടിൽ നിന്ന് ലിങ്ക് റോഡുവരെ മാലിന്യം വൻ തോതിൽ തള്ളുന്നതായി കൗൺസിലർ ഹണി ബഞ്ചമിൻ ചൂണ്ടിക്കാട്ടി. ഇതുമൂലം തോടിന്റെ ഇരുവശത്തുമുള്ള ജനജീവിതം ദുസഹമായതായും മാലിന്യം നീക്കം ചെയ്യാൻ വരുന്ന ശുചീകരണ തൊഴിലാളികൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നും കോൺസിലർ പറഞ്ഞു. ഗ്യാരന്റി കഴിഞ്ഞ ഹൈമാസ്റ്റ്, ലോമാസ്റ്റ് ലൈറ്റുകൾ പുനഃസ്ഥാപിക്കുമെന്നും അതിനുള്ള കരാർ നൽകിയതായും സജീവ്‌ സോമൻ യോഗത്തിൽ അറിയിച്ചു. യോഗം തുടങ്ങുന്നതിന് മുമ്പേ പാർലമെന്റി പാർട്ടി ലീഡർ ടി.ജി.ഗിരീഷിന്റെ നേതൃത്വത്തിൽ ബി.ജെ.പി കൗൺസിലർ പ്രതിഷേധിച്ചു. റോഡുകളുടെ അറ്റകുറ്റപ്പണി വൈകുന്നു, വിവിധ നിയമനങ്ങളിൽ അർഹതയുള്ളവരെ ഒഴിവാക്കുന്നു തുടങ്ങിയ പ്രശ്നങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം.