കൊല്ലം: സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശം ഉണർത്തി ഇന്ന് ക്രിസ്മസ്. തിരുപ്പിറവിയുടെ ദിവ്യസ്മരണ പുതുക്കി ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമായ ക്രിസ്മസിനെ ആഘോഷത്തോടെയാണ് നാടെങ്ങും വരവേറ്റത്.

സന്ധ്യമയങ്ങുമ്പോൾ സമ്മാനങ്ങളുമായി കരോൾ സംഘങ്ങളും വീടുകളിലേക്കും മറ്റും എത്തുന്നുണ്ട്. ദേവാലയങ്ങളെയും വീഥികളെയും ഭവനങ്ങളെയും ദീപങ്ങളാലും നക്ഷത്രങ്ങളാലും അലങ്കരിച്ചാണ് വിശ്വാസികൾ ക്രിസ്തുദേവന്റെ തിരുപ്പിറവിയെ വരവേറ്റത്.

ദേവാലയങ്ങളിൽ ഇന്നലെ രാത്രി നടന്ന തിരുപ്പിറവി ആഘോഷത്തിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. പാതിരാ കുർബാനയ്ക്ക് പുരോഹിതർ നേതൃത്വം നൽകി. പരസ്പരം ആശംസകൾ നേർന്നാണ് വിശ്വാസികൾ ക്രിസ്മസിനെ എതിരേറ്റത്. കരോൾ ഗാന മത്സരങ്ങൾ, പുൽക്കൂട് മത്സരങ്ങൾ എന്നിവയും ആഘോഷങ്ങളുടെ ഭാഗമായി നടന്നു.

തിരക്കിലമർന്ന് നാട്

കേക്കും മീനും ഇറച്ചിയും എല്ലാം വാങ്ങാനുള്ള തിരക്കായിരുന്നു ഇന്നലെ നാട്. കുടുംബാംഗങ്ങൾക്കും കൂട്ടുകാർക്കും പുതുവസ്ത്രങ്ങൾ വാങ്ങി നൽകാനും ക്രിസ്മസ് കെങ്കേമമാക്കാനുള്ളവ വാങ്ങിക്കൂട്ടാനും ജനങ്ങൾ വിപണിയിലേക്ക് ഒഴുകിയെത്തി. അതുകൊണ്ട് തന്നെ പല വ്യാപാര സ്ഥാപനങ്ങളും രാത്രി വൈകിയും പ്രവർത്തിച്ചു. രാവിലെ മുതൽ മത്സ്യ, മാംസ വ്യാപാര കേന്ദ്രങ്ങളിൽ നീണ്ട ക്യൂവായിരുന്നു. നെയ്മീൻ, ചൂര, ആവോലി തുടങ്ങിയവയ്ക്കായിരുന്നു ആവശ്യക്കാ‌ർ കൂടുതൽ. ഇറച്ചി വിഭവങ്ങളിൽ ബീഫിനും കോഴിക്കും മട്ടനോടുമായിരുന്നു പ്രിയം. ഇറച്ചി വിഭവങ്ങൾക്ക് ആവശ്യമായ സവാള, ഉള്ളി, ഇഞ്ചി എന്നിവ വാങ്ങാൻ പച്ചക്കറി കടകളിലും തിരക്ക് അനുഭവപ്പെട്ടു. ബേക്കറികളിലും കച്ചവടം പൊടിപൊടിച്ചു.