
കൊല്ലം: തൃക്കോവിൽവട്ടം ഹെൽത്ത് സെന്റർ റോഡ് നാല് വർഷമായി പൊട്ടിപ്പൊളിഞ്ഞ് കിടന്നിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല. തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിന്റെ കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് എത്താൻ ഭൂരിഭാഗം ജനങ്ങളും ആശ്രയിക്കുന്ന റോഡാണിത്.
ആറാം വാർഡായ ചേരിക്കോണത്താണ് കുടുംബാരോഗ്യകേന്ദ്രം സ്ഥിതി ചെയ്യുന്നത്. റോഡിന്റെ പലഭാഗത്തും ടാറിംഗും മെറ്റലും ഇളകി കുഴികൾ രൂപപ്പെട്ടു. പല കുഴികളും ഗർത്തങ്ങളായി. പാലമുക്കിൽ നിന്ന് കുടുംബാരോഗ്യകേന്ദ്രത്തിലേക്കുള്ള 350 മീറ്റർ റോഡാണ് സഞ്ചാരയോഗ്യമല്ലാതായിരിക്കുന്നത്.
ഇളകിമാറിയ കല്ലിൽ തട്ടിയുള്ള അപകടങ്ങളും നിത്യസംഭവമാണ്. കുട്ടികളും പ്രായംചെന്നവരുമായി ഇതുവഴി ഇരുചക്ര വാഹനങ്ങളിൽ പോകാൻ ഭയക്കുകയാണ്. റോഡിന് ഇരുവശവും താമസിക്കുന്ന 70 ഓളം കുടുംബങ്ങൾ യാത്രാ ക്ലേശത്തോടൊപ്പം പൊടിയും സഹിക്കേണ്ട ഗതികേടിലാണ്.
നാട്ടുകാരുടെ നിരന്തര സമ്മർദ്ദത്തിന്റെ ഫലമായി റോഡ് നവീകരണത്തിന് പഞ്ചായത്ത് ഫണ്ട് അനുവദിക്കാൻ തയ്യാറായെങ്കിലും പിന്നീട് പിന്മാറി. റോഡിന്റെ ഒരുഭാഗത്ത് അഞ്ച് മീറ്റർ വീതി ഇല്ലാത്തതുകൊണ്ടാണ് ടാറിംഗ് നടത്താത്തതെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.
കാൽനട യാത്രയും കഠിനം
റോഡ് തകർന്നുകിടക്കുന്നതിനാൽ കാൽനട യാത്രപോലും ദുഷ്കരമാണ്. ഉമയനല്ലൂർ, മുഖത്തല, ഡീസന്റ് മുക്ക്, തട്ടാർകോണം തുടങ്ങി സ്ഥലങ്ങളിൽ നിന്ന് ദിവസേന ഗർഭിണികളടക്കം നിരവധിപേരാണ് കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തുന്നത്. ആരോഗ്യ കേന്ദ്രത്തിനടുത്ത് അങ്കണവാടിയും പ്രവർത്തിക്കുന്നുണ്ട്. പഞ്ചായത്തിന്റെ അധീനതയിലാണ് റോഡ്.
ജില്ലാ -ബ്ലോക്ക് -ഗ്രാമപഞ്ചായത്തിനും സ്ഥലം എം.എൽ.എയ്ക്കും നിവേദനം നൽകിയിട്ടും പരിഹാരമില്ല.
എസ്. സുനിത് ദാസ്,
ആറാം വർഡ് മുൻ അംഗം