കൊല്ലം: സംസ്ഥാന സർക്കാർ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കൂപ്പുകുത്തി തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിർവഹണം. സാമ്പത്തികവർഷം അവസാനിക്കാൻ മൂന്ന് മാസം മാത്രം ശേഷിക്കെ 31.48 ശതമാനം മാത്രമാണ് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ്.
ഈ നിലയിൽ മുന്നോട്ടുപോയാൽ കഴിഞ്ഞവർഷത്തേത് പോലെ ഇത്തവണയും വൻതുക നഷ്ടമാകും. 615.54 കോടിയാണ് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ ആകെ പദ്ധതി തുക. ഡിസംബർ ഉൾപ്പടെയുള്ള ഒൻപത് മാസത്തിനിടയിൽ 193.8 കോടിയാണ് ചെലവിട്ടത്. സാധാരണഗതിയിൽ പദ്ധതി ചെലവിൽ മുൻവർഷങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ നിൽക്കാറുള്ള കൊല്ലം ജില്ല ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്.
സംസ്ഥാന തലത്തിലും പദ്ധതി ചെലവിൽ ഇടിവുണ്ട്. കഴിഞ്ഞവർഷം ഇതേ സമയം 29.34 % ആയിരുന്നു പദ്ധതി ചെലവ്. എന്നാൽ ഇപ്പോൾ 28.47 % ആണ്. പാർലമെന്റ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണം നൂതന പദ്ധതികൾക്കുള്ള അംഗീകാരവും സംസ്ഥാന സർക്കാരിന്റെ പദ്ധതി വിഹിതം വൈകിയതുമാണ് പദ്ധതി ചെലവ് ഇടിയാനുള്ള പ്രധാന കാരണം. ട്രഷറി നിയന്ത്രണം നിലനിന്നതിനാൽ പൂർത്തിയാക്കിയ ബില്ലുകളുടെ ബില്ലുകൾ മാറാനും കഴിഞ്ഞില്ല.
സാമ്പത്തിക പ്രതിസന്ധിയിൽ ട്രഷറികളും
 നിയന്ത്രണം കാരണം ട്രഷറിയിലും തദ്ദേശ സ്ഥാപന ബില്ലുകൾ കെട്ടിക്കിടക്കുന്നു
 35. 93 കോടിയുടെ 1241 ബില്ലുകളാണ് ജില്ലയിലെ ട്രഷറികളിൽ കെട്ടിക്കിടക്കുന്നത്
 ഇതിൽ വലിയൊരുഭാഗവും റോഡ് അടക്കമുള്ള നിർമ്മാണ പ്രവൃത്തികളുടേത്
 പൂർത്തിയായ പ്രവൃത്തികളുടെ ബില്ലുകളും മാറുന്നില്ല
 കരാറുകാർ ഏറ്റെടുത്ത പ്രവൃത്തികൾ ആരംഭിക്കാത്തതും തദ്ദേശ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുന്നു.
ജില്ലയുടെ ആകെ പദ്ധതി തുക
615.54 കോടി
ചെലവിട്ടത് ₹ 193.8 കോടി
പദ്ധതി ചെലവ് ശതമാനത്തിൽ-31.48 %
സംസ്ഥാനതലത്തിൽ - 5-ാം സ്ഥാനം
കൊല്ലം ജില്ലാ പഞ്ചായത്ത്- 39.78 %
കോർപ്പറേഷൻ- 32.25 %
പദ്ധതി ചെലവിൽ മുന്നിൽ
പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത്- 52.82 %
പൂതക്കുളം ഗ്രാമപഞ്ചായത്ത് - 42.62 %
മൺറോത്തുരുത്ത് ഗ്രാമ പഞ്ചായത്ത് - 40.97 %
പോരുവഴി ഗ്രാമപഞ്ചായത്ത് - 40.6%
മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്- 39.97%