
നിലമേൽ: എം.സി റോഡിൽ പുതുശേരിയിൽ കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചറും കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു അപകടം. കാർ യാത്രക്കാരും അഞ്ചൽ സ്വദേശികളും ബന്ധുക്കളുമായ അഞ്ചൽ വടക്കഴികത്ത് വീട്ടിൽ ശില്പ (34), വർഷ (24), അദ്വിക് (6 മാസം), കാർ ഡ്രൈവർ ഹബീബ് (32), ഓട്ടോറിക്ഷാ ഡ്രൈവർ പ്രിൻസ് (29) എന്നിവർക്കാണ് പരിക്കേറ്റത്.
തലയ്ക്ക് പരിക്കേറ്റ ശില്പയുടെ നിലയാണ് ഗുരുതരം. പത്തനാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് തിരുവനന്തപുരത്ത് നിന്ന് അഞ്ചലിലേക്ക് വരികയായിരുന്ന കാറുമായും പിന്നീട് കാറിന് സമീപത്തൂടെ പോവുകയായിരുന്ന ഓട്ടോറിക്ഷയുമായും ഇടിക്കുകയായിരുന്നു. കാറ് പൂർണമായും തകർന്നു. ബസിന്റെ വലതുവശവും ഓട്ടോറിക്ഷയുടെ മുൻവശത്തെ ഗ്ലാസും തകർന്നു. നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ചടയമംഗലം പൊലീസ് കേസെടുത്തു.