കുന്നത്തൂർ: കൊല്ലത്ത് മാർച്ചിൽ നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്ക് ഭക്ഷണം നൽകാൻ ആവശ്യമായ പച്ചക്കറികൾ ശൂരനാട് തെക്ക് നിന്ന് ഉത്പാദിപ്പിക്കും. കെ.എസ്.കെ.ടി.യു ശൂരനാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ശൂരനാട് തെക്ക് കാർഷിക വിപണിക്ക് സമീപത്തെ ഒരേക്കർ ഭൂമിയിൽ കൃഷി തീരുമാനിച്ചത്.
ജൈവ രീതിയിലാണ് കൃഷി. കാർഷിക സർവകലാശാലയിൽ നിന്നുള്ള പച്ചക്കറി തൈകളും വിത്തുകളുമാണ് ഉപയോഗിക്കുന്നത്. കൃഷിക്കാവശ്യമായ സാങ്കേതിക സഹായം കൃഷി വകുപ്പിൽ നിന്ന് ലഭ്യമാക്കും. ശൂരനാട് തെക്ക്, ഓച്ചിറ കൃഷി ഓഫീസർമാർ മേൽനോട്ടം വഹിക്കും. ശൂരനാട് തെക്ക് പഞ്ചായത്തിലെ കൃഷിക്കാരും കർഷക തൊഴിലാളികളും നേതൃത്വം നൽകും. പാവൽ, പടവലം, പയർ, ചീര, വെണ്ട, അമര, തക്കാളി, മുളക്, വഴുതന, വെളളരി, തടിയൻ, സലാഡ് വെള്ളരി, കുമ്പളം, കാബേജ്, കോളിഫ്ളവർ, ചുരയ്ക്ക, മത്തൻ എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. രണ്ടര മാസം കൊണ്ട് വിളവെടുക്കുകയാണ് ലക്ഷ്യം.
പച്ചക്കറി കൃഷിയുടെ വിത്ത് നടീൽ ഉദ്ഘാടനം നാളെ രാവിലെ 8.30 ന് കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് ആനവൂർ നാഗപ്പൻ നിർവഹിക്കും. സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, കർഷക തൊഴിലാളി ജില്ലാ സെക്രട്ടറി പി.എ. എബ്രഹാം, പ്രസിഡന്റ് പി.വി. സത്യൻ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ. കെ. സോമപ്രസാദ്, സൂസൻകോടി, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം. ശിവശങ്കരപിളള, പി.ബി. സത്യദേവൻ, ഏരിയ സെക്രട്ടറി ബി. ശശി, കെ.എസ്.കെ.ടി.യു ഏരിയ സെക്രട്ടറി കെ.ശിവപ്രസാദ്, പ്രസിഡന്റ് കെ.സുഭാഷ്, ഡി.സി.സി അംഗങ്ങളായ ജെ.സരസൻ, പി. ബിന്ദു, അഡ്വ.എസ് പ്രഹ്ളാദൻ തുടങ്ങിയവർ പങ്കെടുക്കും.