കൊല്ലം: ക്രിസ്മസ്, പുതുവത്സരാഘോഷ വേളകളിൽ അപകടങ്ങൾ ഒഴിവാക്കാൻ കൊല്ലം പോർട്ട് ഓഫീസിന്റെ നേതൃത്വത്തിൽ ഉൾനാടൻ ജലാശയങ്ങളിൽ നടത്തിയ പരിശോധനയിൽ പത്ത് വിനോദ ബോട്ടുകൾക്ക് പിഴ ചുമത്തി. രിജ്സ്ട്രേഷൻ സർട്ടിഫിക്കറ്റ് കാലാവധി കഴിഞ്ഞത്, സർവേ സർട്ടിഫിക്കറ്റ് കാലാവധി കഴിഞ്ഞത്, ഇൻലാൻഡ് വെസൽ ആക്ട് ഇൻഷ്വറൻസ്, പൊല്യുഷൻ സർട്ടിഫിക്കറ്റ്, ഫയർഫോഴ്സിന്റെ ഫയർഫൈറ്റിംഗ് സർട്ടിഫിക്കറ്റ്, ലൈഫ് ജാക്കറ്റ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ, യോഗ്യതയുള്ള തൊഴിലാളികൾ എന്നിവയില്ലാത്ത ബോട്ടുകൾക്കാണ് പിഴ ചുമത്തിയത്. കൊല്ലം ട്രാൻ. ഡിപ്പോ പരിസരം, മൺറോത്തുരുത്ത്, സാമ്പ്രാണിക്കോടി എന്നിവിടങ്ങളിലായി 29 ബോട്ടുകളാണ് പരിശോധിച്ചത്. കൊല്ലം പോർട്ട് കൺസർവേറ്റർ കെ.അനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ബോട്ടുകളിൽ സഞ്ചരിക്കുമ്പോൾ ലൈഫ് ജാക്കറ്റ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കേണ്ട വിധം സംബന്ധിച്ച ബോധവത്കരണവും നടന്നു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് കൊല്ലം പോർട്ട് ഒഫീസർ ഇൻ ചാർജ് ക്യാപ്ടൻ പി.കെ.അരുൺകുമാർ പറഞ്ഞു.