 
പുത്തയം: പുത്തയം ഫിൽഗിരി റോഡ് പൊട്ടിപ്പൊളിഞ്ഞിട്ട് നാളേറെ ആയെങ്കിലും അധികൃതർ ഗൗനിക്കുന്നില്ല.
മലയോരമേഖലയായ കടയ്ക്കലിനെയും അഞ്ചൽ സിറ്റിയെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് പുത്തയം ഫിൽഗിരി റോഡ്. ഈ റോഡാണ് കൊല്ലം ജില്ല കൃഷി ഫാം ജീവനക്കാർക്കും സമീപ പഞ്ചായത്തായ ഇട്ടിവ വയലാ നിവാസികൾക്കും ആശ്രയം. കൂടാതെ പുത്തയം ആൾ സെയിന്റ്സ് ഹൈസ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവരും റോഡിന്റെ ശോചനീയാവസ്ഥയിൽ നരകിക്കുകയാണ്. നിലവിലുണ്ടായിരുന്ന കടയ്ക്കൽ അഞ്ചൽ ബസ് സർവീസ് മൂന്നു മാസമായി നിറുത്തിവച്ചതിനാൽ വയല നിന്ന് അഞ്ചൽ എത്താൻ വല്ലാതെ ബുദ്ധിമുട്ടുകയാണ് നാട്ടുകാർ. സംഭവവുമായി ബന്ധപ്പെട്ട് വയല നിവാസികൾ പുത്തയം പാലത്തിനു സമീപം അടുത്തിടെ ധർണ നടത്തിയിരുന്നു. മൃഗ സംരക്ഷണ വകുപ്പ് മന്ത്രിയുടെ മണ്ഡലത്തിലാണ് ഈ ദുരവസ്ഥ.