al
തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ പവിത്രേശ്വരം ഗ്രാമപ്പഞ്ചായത്തിലെ എസ്.എൻ പുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന പ്രതിഷേധം

പുത്തൂർ: ജോലിക്കിടെ കുഴഞ്ഞു വീണ തൊഴിലുറപ്പ് സ്ത്രീ തൊഴിലാളിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി കൊണ്ടുപോകാൻ ആംബുലൻസ് ചോദിച്ചിട്ടും ആരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ നിഷേധിച്ചെന്ന് ആരോപിച്ച് കുടുംബാരോഗ്യ കേന്ദ്രത്തിൽ തൊഴിലാളികളുടെ പ്രതിഷേധം. പവിത്രേശ്വരം ഗ്രാമപഞ്ചായത്തിലെ എസ്.എൻ.പുരം കുടുംബാരോഗ്യ കേന്ദ്രത്തിലാണ് ചൊവ്വാഴ്ച രാവിലെ മുതൽ തൊഴിലുറപ്പു തൊഴിലാളികൾ പ്രതിഷേധം നടത്തി​യത്.

തിങ്കളാഴ്ച രാവിലെ ജോലിക്കിടെ എസ്.എൻ പുരം പടിഞ്ഞാറ്റതിൽ വിജയകുമാരിയാണ് (68) കുഴഞ്ഞു വീണത്. ഉടൻതന്നെ കാറിൽ സമീപത്തെ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ഇ.സി.ജിയി​ൽ വ്യത്യാസങ്ങൾ കണ്ടതിനെ തുടർന്ന് കൊല്ലം ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഡോക്ടർ നിർദ്ദേശിച്ചു. ആരോഗ്യ കേന്ദ്രത്തിലുണ്ടായിരുന്ന ആംബുലൻസ് വിട്ടുനൽകാൻ ആവശ്യപ്പെട്ടെങ്കി​ലും പാലിയേറ്റീവ് ആവശ്യങ്ങൾക്കുള്ള ആംബുലൻസ് നൽകാനാവില്ലെന്നാണ് അധികൃതർ പറഞ്ഞത്. പിന്നീട് പുത്തൂരിൽ നിന്ന് മറ്റൊരു ആംബുലൻസ് വി​ളി​ച്ചുവരുത്തി​. അപ്പോഴേക്കും ഒരു മണിക്കൂറോളം സമയം പാഴായി​. ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ പിന്നീട് വിജയകുമാരിയെ തിരുവനന്തപുരം മെഡി. ആശുപത്രി​ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. പുത്തൂർ എസ്.ഐ ടി.ജെ. ജയേഷിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും ആശുപത്രിയിലെത്തിയിരുന്നു