കൊല്ലം: കരുനാഗപ്പള്ളി പുത്തൻ തെരുവ് ജംഗ്ഷനിൽ ഗ്യാസ് ടാങ്കർ കാറുമായി ഇടിച്ച് മറിഞ്ഞ് പാചകവാതകം ചോർന്ന് 12 പേർ മരിച്ച സംഭവത്തിൽ പെട്രോളിയം കമ്പനി പ്ലാന്റിലെ ഗാൻടി ഓഫീസറായ ഝാർഘണ്ട് സ്വദേശി വിനോദ് സാഗയെ കൊല്ലം ഒന്നാം അഡിഷണൽ സെഷൻസ് ജഡ്ജി പി.എൻ.വിനോദ് കുറ്റാരോപണത്തിൽ നിന്ന് വിടുതൽ ചെയ്തു.
2009 ഡിസംബർ 31ന് നടന്ന സംഭവത്തിന്റെ കുറ്റപത്രത്തിലെ നാലം പ്രതിയായിരുന്നു വിനോദ് സാഗ. പെട്രോളിയം കമ്പനിയുടെ മംഗലാപുരം പ്ലാന്റിൽ നിന്ന് ഗ്യാസ് കയറ്റിയ ടാങ്കർ ലോറി കരുനാഗപ്പള്ളി പുത്തൻ തെരുവിൽ എത്തിയപ്പോൾ ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിംഗ് മൂലം മാരുതി വാഗണർ കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു. ടാങ്കർ ലോറിയിൽ നിന്ന് വേർപെട്ട് റോഡിൽ വീണ് ചോർന്നു. ഈ സമയം സ്ഥലത്തെത്തിയ ചവറ പൊലീസ് സ്റ്റേഷനിലെ ജീപ്പ് സ്റ്റാർട്ട് ചെയ്തത് മൂലമുണ്ടായ തീപ്പൊരി കാരണം ഗ്യാസ് കത്തി പൊലീസ് ഉദ്യോഗസ്ഥർ അടക്കം 12 പേർ മരിക്കുകയായിരുന്നു.
ടാങ്കർ ലോറിയുടെ ക്ഷമത പരിശോധിച്ചില്ലെന്ന പേരിലാണ് ഡ്രൈവർക്കും ഉടമയ്ക്കും പുറമേ പെട്രോളിയം കമ്പനി ജീവനക്കാരനെയും കേസിൽ പ്രതി ചേർത്തത്. വാഹനം ഓടിച്ച ഡ്രൈവറുടെ അശ്രദ്ധയും ഉദാസീനതയും ടാങ്കറിൽ വാതകം നിറച്ച ഉദ്യോഗസ്ഥന്റെ
പ്രവൃത്തികളുമായി ഒരു കാരണവശാലും കൂട്ടിയിണക്കാൻ പറ്റില്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതിക്ക് വേണ്ടി അഭിഭാഷകരായ ജി.മോഹൻരാജ്, അഡ്വ. മരുത്തടി എസ്.നവാസ്, അഡ്വ. കെ.ജി.രംഗനാഥ്, അഡ്വ. ഭാഗ്യനാഥ് എൽ.ബാബു എന്നിവർ ഹാജരായി.