കൊല്ലം: കൊല്ലം- തിരുമംഗലം ദേശീയപാതയുടെ വീതി കൂട്ടാനുള്ള ധാരണയി​ൽ നിന്ന് പിൻമാറി ദേശീയപാത അതോറിട്ടി. കടമ്പാട്ടുകോണം- ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേ വരുന്ന സാഹചര്യത്തിൽ കൊല്ലം- തിരുമംഗലം ദേശീയപാതയിൽ ചിന്നക്കട മുതലുള്ള ഭാഗത്ത് അപകടങ്ങൾ കുറയ്ക്കാനുള്ള പദ്ധതികൾ മതിയെന്നാണ് ദേശീയ ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നിലപാട്.

പദ്ധതി ഉപേക്ഷിക്കാൻ ദേശീയപാത അതോറിട്ടി നേരത്തെ തീരുമാനിച്ചിരുന്നതാണ്. തുടർന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ നടത്തിയ ചർച്ചയിൽ സ്ഥലമേറ്റെടുക്കൽ ചെലവ് കണക്കാക്കാനുള്ള സർവേ നടത്താൻ ധാരണയായിരുന്നു. പക്ഷേ, തുടർ നടപടികൾ മരവിപ്പി

ച്ചു. കൊല്ലം- തിരുമംഗലം പാത, കടമ്പാട്ടുകോണം- ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേയുമായി ചേരുന്ന പുനലൂർ ഇടമൺ വരെയുള്ള ഭാഗം എന്നിവിടങ്ങൾ നാലുവരിയായി വികസിപ്പിക്കാൻ നേരത്തെ സംസ്ഥാന സർക്കാർ പദ്ധതിയിട്ടിരുന്നു. അതിന് പിന്നാലെ കല്ലുന്താഴം മുതൽ ഇടമൺ വരെയുള്ള ഭാഗം വികസിപ്പിക്കാൻ ദേശീയപാത അതോറിട്ടിയും പദ്ധതിയിട്ടതോടെ സംസ്ഥാന സർക്കാർ പിൻമാറി. എന്നാൽ കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടി വരുമെന്ന സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പിന്നീട് ദേശീയപാത അതോറിട്ടിയും പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിച്ചു. അതിന് പിന്നാലെ മന്ത്രി കെ.എൻ. ബാലഗോപാൽ നടത്തിയ ചർച്ചയിലുണ്ടായ ധാരണയിൽ നിന്നാണ് ഇപ്പോഴത്തെ പിൻമാറ്റം.

 ഇളമ്പള്ളൂരിൽ ആർ.ഒ.ബി അല്ലെങ്കിൽ ആർ.യു.ബി

അപകടങ്ങളും ഗതാഗതക്കുരുക്കും കുറയ്ക്കാൻ ഇളമ്പള്ളൂരിൽറെയിൽവേ മേൽപ്പാലം അല്ലെങ്കിൽ റെയിൽവേ അണ്ടർ ബ്രിഡ്ജ് നിർമ്മിക്കാനുള്ള സർവ്വേ തുടങ്ങി. നിലവിലെ ലെവൽക്രോസിൽ നിന്നു മാറി സ്ഥലമേറ്റെടുക്കൽ പരമാവധി ഒഴിവാക്കിയുള്ള വികസനമാണ് ലക്ഷ്യം. റെയിൽവേ ലൈനിനേക്കാൾ ദേശീയപാത താഴ്ന്നുകിടക്കുന്ന ഭാഗത്താണ് ആർ.യു.ബിയുടെ സാദ്ധ്യത പരിശോധിക്കുന്നത്.

 എഴുകോണിൽ പരിഹാരം

എഴുകോൺ പാലത്തിലെ അപകടങ്ങൾ കുറയ്ക്കുന്നത് സംബന്ധിച്ച് നാറ്റ്പാകിന്റെ പഠന റിപ്പോർട്ട് എൻ.എച്ച്.എ.ഐ കൈമാറി. ഇതുസംബന്ധിച്ച് രണ്ട് ഏജൻസികളും തമ്മിൽ ചർച്ച നടത്തി അന്തിമ രൂപരേഖ തയ്യാറാക്കും.

 വാളക്കോട് പുതിയ പാലം

അപകടങ്ങൾ പതിവായ പുനലൂർ വാളക്കോട് പാലത്തിന് സമാന്തരമായി പുതിയ പാലത്തിനുള്ള സർവേ ആരംഭിച്ചു. പാലത്തിന് വീതിയില്ലാത്തതാണ് ഇവിടെ അപകടങ്ങൾ പെരുകാൻ കാരണം.