ഓച്ചിറ: ശാഖാഭരണത്തിൽ ഒരു വിഭാഗം അവകാശം ഉന്നയിച്ചതിനെ തുടർന്ന് റിസീവർ ഭരണത്തിലായ എസ്.എൻ.ഡി.പി യോഗം ഓച്ചിറ മഠത്തിൽകാരാണ്മ 188ാം നമ്പർ ശാഖാ ഗുരുമന്ദിരവും സുബ്രഹ്മണ്യക്ഷേത്രവും ഓഫീസ് കെട്ടിടങ്ങളും ഉടമസ്ഥരായ ശാഖായോഗത്തിന് കൈമാറാൻ ഹൈക്കോടതി ഉത്തരവായി.
ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് കരുനാഗപ്പള്ളി അസി. പൊലീസ് കമ്മിഷണറുടെ റിപ്പോർട്ടിനെ തുടർന്നാണ് 2014 നവംബർ 28ന് ശാഖ വക ഗുരുമന്ദിരം, സുബ്രഹ്മണ്യക്ഷേത്രം, ഓഫീസ് കെട്ടിടങ്ങൾ എന്നിവ റിസീവർ ഭരണത്തിലാക്കി കൊല്ലം സബ് ഡിവിഷണൽ മജിസ്ട്രേട്ട് ഉത്തരവായത്. തുടർന്ന് കരുനാഗപ്പള്ളി താലൂക്ക് ഡെപ്യൂട്ടി തഹസിൽദാറിനെ റിസീവറായും ഓച്ചിറ വില്ലേജ് ഓഫീസറെ ഭരണകാര്യങ്ങളിൽ സഹായിക്കുന്നതിനും ചുമതലപ്പെടുത്തി.
തർക്കത്തിലുള്ള ഗുരുമന്ദിരവും ക്ഷേത്രവും മറ്റ് അനുബന്ധകെട്ടിടങ്ങളും ഓച്ചിറ മഠത്തിൽകാരാണ്മ 188ാം നമ്പർ ശാഖയുടെ ഉടമസ്ഥതയിലുള്ളതാണെന്ന് 2019 ഒക്ടോബർ 14ന് കരുനാഗപ്പള്ളി മുൻസിഫ് കോടതിയും 2021 നവംബർ 27ന് കരുനാഗപ്പള്ളി സബ് കോടതിയും 2024 നവംബർ 21ന് ഹൈക്കോടതിയും ഉത്തരവായി. തുടർന്ന് ഈമാസം 18ന് കൊല്ലം സബ് ഡിവിഷണൽ മജിസ്ട്രേട്ടിന്റെ ഉത്തരവിൻ പ്രകാരം റിസീവർ തർക്ക മന്ദിരങ്ങൾ ശാഖായോഗം സെക്രട്ടറി ആർ.സുശീലന് കൈമാറുകയായിരുന്നു.