പത്തനാപുരം : പിറവന്തൂർ പഞ്ചായത്തിന്റെ കിഴക്കൻ മേഖലകളിൽ ഒരിടവേളയ‌്ക്ക് ശേഷം കാട്ടാനശല്ല്യം രൂക്ഷമായി. ചെമ്പനരുവി ഗിരീഷ് ഭവനിൽ ശശാങ്കൻ,ചെമ്പനരുവി സുധാ വിലാസത്തിൽ ആർ.പുഷ്‌ക്കരൻ എന്നിവരുടെ പുരയിടങ്ങളിലാണ് കഴിഞ്ഞ രാത്രി കാട്ടാന ഇറങ്ങി അടയ്‌ക്കയും വാഴയും തൈതെങ്ങുകളും നശിപ്പിച്ചത്. ചെമ്പനരുവി മണി സദനത്തിൽ ഗോപിനാഥന്റെ പുരയിടത്തിൽ ഒരാഴ്‌ച്ച മുമ്പ് റബറും തെങ്ങും നശിപ്പിച്ചു. കാട്ടാനയ്‌ക്ക് പുറമെ കാട്ടുപന്നി, കുരങ്ങ്, പുലി,മലയണ്ണാൻ എന്നീ വന്യജീവികളുടെ ഭീതി നിലനിൽക്കുന്നു.
പ്രദേശത്ത് അടിയന്തരമായി കിടങ്ങുകൾ നിർമ്മിച്ച് കൃഷിക്കും നാട്ടുകാരുടെ ജീവനും സുരക്ഷ ഉറപ്പാക്കണമെന്ന് കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി കറവൂർ സുരേഷും പിറവന്തൂർ മണ്ഡലം പ്രസിഡന്റ് ടി.എൻ.ബാലകൃഷ്‌ണനും ആവശ്യപ്പെട്ടു.