photo
പെരുംകുളം ദേവീക്ഷേത്രത്തിന് സമീപത്ത് കാടുമൂടി നശിക്കുന്ന വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൗസ്

കൊട്ടാരക്കര: പതിറ്റാണ്ടുകൾക്ക് മുൻപ് പെരുംകുളത്ത് ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിച്ച പമ്പ് ഹൗസ് നാളിതുവരെ ഒരു ദിവസംപോലും പ്രവർത്തിച്ചിട്ടില്ല. കാടുമൂടി, ഇഴജന്തുക്കൾ താവളമാക്കി ഈ സർക്കാർ കെട്ടിടം നശിക്കുമ്പോൾ നാടിന് നാണക്കേടും ദുരിതവുമാണേറുന്നത്. കുളക്കട ഗ്രാമപഞ്ചായത്തിലെ പെരുംകുളം ദേവീക്ഷേത്രത്തിനും ബാപ്പുജി സ്മാരക വായനശാലയ്ക്കും സമീപത്തായാണ് കാടുമൂടി നശിക്കുന്ന പമ്പ് ഹൗസും ജലസംഭരണിയും സ്ഥിതി ചെയ്യുന്നത്. കുണ്ടറ ജലസേചന പദ്ധതിയുടെ ഭാഗമായിട്ടാണ് പതിറ്റാണ്ടുകൾക്ക് മുൻപ് ഇത് സ്ഥാപിച്ചത്. എന്നാൽ ചില അനാസ്ഥകൾ ദോഷമായി ഭവിച്ചു. പമ്പ് ഹൗസ് ഉദ്ഘാടനം ചെയ്യാനായില്ല.

റെയിൽവേ വില്ലനായി

കുണ്ടറ പദ്ധതിയിലെ ജലം വലിയ സംഭരണിയിൽ ശേഖരിച്ച് കുളക്കട ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യാനാണ് ലക്ഷ്യമിട്ടത്. എന്നാൽ സംഭരണിയിലേക്ക് ജലം എത്തിക്കുന്നതിനായി റെയിൽവേ ട്രാക്കിന് അടിയിൽക്കൂടി പൈപ്പ് ലൈൻ സ്ഥാപിക്കേണ്ടതായി വന്നു. അന്ന് റെയിൽവേ ഇതിന് അനുമതി നൽകിയില്ല. വേണ്ടുന്ന വിധത്തിൽ സ്വാധീനം ചെലുത്താൻ ആരും ഉണ്ടായതുമില്ല. അതോടെയാണ് പദ്ധതി വഴിയാധാരമായത്.

ഭൂമിയും കെട്ടിടവും അനാഥമായി

പെരുംകുളത്ത് കണ്ണായ സ്ഥലമാണ് അന്ന് പൊന്നുംവില കൊടുത്ത് ഏറ്റെടുത്തത്. കെട്ടിടവും ജലസംഭരണിയും ഇവിടെ സ്ഥാപിച്ചു. ഓഫീസ് പ്രവർത്തിപ്പിക്കുന്നതിന് ഫർണിച്ചറുകളും അനുബന്ധ സൗകര്യങ്ങളും ഇവിടെ എത്തിച്ചു. ചുറ്റുമതിലും ഗേറ്റും സ്ഥാപിച്ചു. എന്നാൽ പിന്നീട് വാട്ടർ അതോറിറ്റിക്കാർ ഇവിടേക്ക് തിരിഞ്ഞു നോക്കാതെയായി. സാമൂഹ്യ വിരുദ്ധർ ഇവിടം താവളമാക്കിയപ്പോൾ അതിക്രമിച്ചു കടക്കുന്നത് ശിക്ഷാർഹമാണ് എന്ന ബോർഡ് സ്ഥാപിച്ചത് മാത്രമാണ് പുരോഗതി. ഇപ്പോൾ ഇവിടം കാടുമൂടി. കെട്ടിടം ജീർണാവസ്ഥയിലുമാണ്. കെട്ടിടവും സ്ഥലവും നാടിന്റെ പൊതുകാര്യങ്ങൾക്കെങ്കിലും വിട്ടുകൊടുക്കണമെന്നാണ് ഇവിടുത്തുകാർ ഇപ്പോൾ ആവശ്യപ്പെടുന്നത്.

ഇനി വാട്ടർ അതോറിറ്റിക്ക് എന്തിന്?

രാജീവ് ഗാന്ധി കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തി കുളക്കട- പവിത്രേശ്വരം കുടിവെള്ള പദ്ധതിയുടെ ശുദ്ധീകരണ ശാലയും ജലസംഭരണിയുമൊക്കെ സ്ഥാപിച്ചിട്ടുള്ളത് റേഡിയോ ജംഗ്ഷന് സമീപത്താണ്. ഇവിടെ നിന്നും അധിക ദൂരവുമില്ല. അതുകൊണ്ടുതന്നെ പെരുംകുളം ദേവീക്ഷേത്രത്തിന് സമീപത്തെ ഈ പമ്പ് ഹൗസ് ഇനി വാട്ടർ അതോറിട്ടിക്ക് പ്രയോജനപ്പെടില്ല. പകരം മറ്റെന്തെങ്കിലും ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്നതാണ്.