എഴുകോൺ: മലയാള സിനിമയിൽ വേറിട്ട വഴികളിലൂടെ സഞ്ചരിച്ച സംവിധായകരായ ഹരിഹരനെയും ഐ.വി. ശശിയേയും ഒരേ പോലെ ചേർത്ത് നിറുത്തിയ തിരക്കഥാകൃത്തായിരുന്നു എം.ടി. വാസുദേവൻ നായർ.
ഇരുവർക്കുമായി എം.ടിയുടെ തൂലികയിൽ പിറന്നത് 23 തിരക്കഥകളാണ്. 1981 ൽ പുറത്തിറങ്ങിയ തൃഷ്ണ മുതൽ 1990 ൽ പുറത്തിറങ്ങിയ മിഥ്യ വരെ 11 തിരക്കഥകളാണ് ഐ.വി ശശിക്ക് വേണ്ടി എം.ടി. ഒരുക്കിയത്. തൃഷ്ണയാണ് മമ്മൂട്ടിയെ നായക വേഷത്തിലെത്തിച്ചതിൽ നിർണായകമായത്. 1983 ൽ ആരൂഢം എന്ന അക്കാലത്തെ മെഗാഹിറ്റ് ചിത്രം. 1984 ൽ നാല് സിനിമകൾ ഈ കൂട്ടുകെട്ടിൽ വെള്ളിത്തിരയിലെത്തി. ആൾക്കൂട്ടത്തിൽ തനിയെ, അക്ഷരങ്ങൾ, ഉയരങ്ങളിൽ, അടിയൊഴുക്കുകൾ എന്നിവയാണിവ. ഉയരങ്ങളിൽ എന്ന എക്കാലത്തെയും മികച്ച ക്രൈം ത്രില്ലർ നായക പദവിയിലേക്ക് മോഹൻലാലിനും വഴിയൊരുക്കി. പിന്നീട് ഇടനിലങ്ങൾ, രംഗം, അനുബന്ധം, അഭയം തേടി എന്നീ ഐ.വി. ശശി സിനിമകൾക്ക് കൂടി എം.ടി തൂലിക ചലിപ്പിച്ചു.
12 തിരക്കഥകൾ ഹരിഹരന് വേണ്ടി എഴുതി. 1979 ൽ ഇടവഴിയിലെ പൂച്ച മിണ്ടാ പൂച്ച എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി ഒന്നിച്ചത്. പിന്നീട് ആറ് വർഷങ്ങൾ എം.ടി.യുടെ ഒരു തിരക്കഥയ്ക്ക് വേണ്ടി ഹരിഹരന് കാത്തിരിക്കേണ്ടി വന്നു. 1986 ൽ പഞ്ചാഗ്നിയിലൂടെ വീണ്ടും ഒന്നിച്ചു. തുടർന്ന് നഖക്ഷതങ്ങൾ, അമൃതംഗമയ, ഒരു വടക്കൻ വീരഗാഥ, പരിണയം, എന്ന് സ്വന്തം ജാനകിക്കുട്ടി, പഴശ്ശിരാജ തുടങ്ങി കലാമൂല്യം കൊണ്ട് പ്രേക്ഷകരെ കീഴടക്കിയ ചിത്രങ്ങൾ ഈ കൂട്ടുകെട്ടിൽ ഉണ്ടായി. 2013 ൽ പുറത്തിറങ്ങിയ ഏഴാമത്തെ വരവാണ് ഇരുവരും ഒന്നിച്ച് പ്രവർത്തിച്ച അവസാന സിനിമ.
മമ്മൂട്ടിക്കും മോഹൻലാലിനും
ഇടമൊരുക്കി
ഒട്ടേറെ തിരക്കഥകളിൽ മോഹൻലാലിനെയും മമ്മൂട്ടിയേയും ഒന്നിപ്പിച്ചു എന്ന ഖ്യാതിയും എം.ടിക്ക് സ്വന്തമാണ്. 1980 കളിൽ എം.ടിയുടെ തിരക്കഥയിൽ ഐ.വി. ശശി പകർത്തിയ സിനിമകളാണ് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കരിയറിന് കരുത്തായത്. ഒരു നോട്ടം കൊണ്ടോ അർദ്ധോക്തിയിൽ മുറിഞ്ഞു പോയ വാക്കുകൾ കൊണ്ടോ പ്രേക്ഷകരെ ഈറനണിയിച്ച ഒട്ടേറെ കഥാപാത്രങ്ങളെ എം.ടി ഇരുവർക്കുമായി പകുത്തു നൽകി. ആൾക്കൂട്ടത്തിന് നടുവിൽ ഉത്സവാരവങ്ങളോടെ ചിത്രങ്ങളൊരുക്കിയിരുന്ന ഐ.വി. ശശിയെയും സമാധാനവും സാവകാശവും പശ്ചാത്തലമാക്കിയ ഹരിഹരനെയും ചേർത്തു നിറുത്തിയ എം.ടി മലയാള സിനിമയുടെ ഗൃഹപാഠമാണ്.