കൊല്ലം: ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് കൊല്ലൂർവിള സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് വടക്കേവിള ഭരത്‌നഗർ പുത്തൻപുരയിൽ അൻസർ അസീസ്, ഡയറക്ടർ ബോർഡ് അംഗം വടക്കേവിള സൂര്യ നഗർ 10 ചാണക്യ വീട്ടിൽ അൻവറുദ്ദീൻ എന്നിവർ അറസ്റ്റിലായി. ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതികളെ കൊല്ലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി- 2 പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
വ്യവസ്ഥകൾക്ക് വിരുദ്ധമായി പരിധി ലംഘിച്ചുള്ള വ്യക്തിഗത വായ്പ വിതരണം, ബാങ്കിന്റെ പ്രവർത്തന പരിധിക്ക് പുറത്തുള്ളയാൾക്ക് അംഗത്തിന്റെ വിലാസത്തിൽ ബോധപൂർവ്വം വായ്പ നൽകൽ, ബാങ്ക് ഫണ്ടിന്റെ ദുർവിനിയോഗം, സ്ഥിര നിക്ഷേപങ്ങൾക്ക് അധിക പലിശ നൽകൽ എന്നിവ കണ്ടെത്തിയതിനെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് സംഘം ക്രമക്കേടിനെക്കുറിച്ച് പറയുന്നതിങ്ങനെ: സഹകരണ വകുപ്പിന്റെ ഓഡിറ്റിംഗിൽ രണ്ട് കോടിയുടെയും 4.15 കോടിയുടെയും വായ്പകളിൽ ക്രമക്കേട് കണ്ടെത്തി. തിരച്ചടവ് മുടങ്ങിയ ഈ വായ്പകളിൽ 2021 വരെ മാത്രം പലിശ സഹിതം ബാങ്കിന് 11 കോടിയുടെ നഷ്ടം ഉണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസിന് നൽകിയ പരാതി വിശദ അന്വേഷണത്തിന് ക്രൈം ബ്രാഞ്ചിന് കൈമാറി. ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രതികൾക്ക് നോട്ടീസ് നൽകിയതിന് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചെങ്കിലും തള്ളിയിരുന്നു.
കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈ.എസ്.പി സി. ജോണിന്റെ നിർദ്ദേശ പ്രകാരം ഡിറ്റക്ടീവ് ഇൻസ്പെക്ടർ എസ്. വിജയശങ്കർ, സബ് ഇൻസ്പെക്ടർ ആർ. രാജീവ്, സി.പി.ഒമാരായ സുമേഷ്, ഗിരീഷ് കുമാർ, ഫിറോസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.