കരുനാഗപ്പള്ളി : മലയാളത്തിന്റെ പ്രിയ കഥാകാൻ എം.ടിയുടെ കൃതികൾ വായിച്ചുകൊണ്ട് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ച് കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ. ലാലാജി ഗ്രന്ഥശാല ഹാളിൽ നടന്ന എം.ടി അനുസ്മരണ ചടങ്ങ് അദ്ദേഹത്തിന്റെ രചനകളുടെ അവതരണം കൊണ്ട് വേറിട്ട അനുഭവമായി. രണ്ടാമൂഴം, മഞ്ഞ്, വാരണാസി, വാരിക്കുഴി, അസുരവിത്ത്, നാലുകെട്ട് തുടങ്ങിയ എം.ടി കൃതികളുടെ പ്രസക്ത ഭാഗങ്ങൾ അവതരിപ്പിച്ചു കൊണ്ടാണ് അനുസ്മരണം സംഘടിപ്പിച്ചത്. താലൂക്ക് എക്സിക്യുട്ടീവ്കമ്മിറ്റി അംഗം സുരേഷ് വെട്ടുകാട് അദ്ധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം വി.പി.ജയപ്രകാശ് മേനോൻ, ജെ.ആർ.മീര, വിമൽ റോയ്, എസ്.ജി.ഗംഗ, രമ്യാലക്ഷ്മി, സുമൻജിത്ത് മിഷ എന്നിവർ വിവിധ കൃതികളുടെ അവതരണം നടത്തി. ആർ.രവീന്ദ്രൻപിള്ള അവതരണങ്ങൾ ക്രോഡീകരിച്ചു. തുടർന്ന് ദീപങ്ങൾ തെളിച്ച് എം.ടി തയ്യാറാക്കിയ ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊണ്ടാണ് ചടങ്ങുകൾ അവസാനിച്ചത്. ലൈബ്രറി കൗൺസിൽ നേതൃസമിതി കൺവീനർ എ.സജീവ് നന്ദി പറഞ്ഞു.