കൊല്ലം: ജില്ലാതല കേരളോത്സവം വിവിധ കലാ-കായിക മത്സരങ്ങളോടെ നടത്തും. ഇന്ന് രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ ഉദ്ഘാടനം നിർവഹിക്കും. വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് അദ്ധ്യക്ഷയാകും.
30 വരെ ജില്ലാ പഞ്ചായത്ത് ജയൻ സ്മാരക ഹാൾ, ക്യു.എ.സി ഗ്രൗണ്ട്, ആശ്രാമം മൈതാനം, കല്ലുവാതുക്കൽ കബഡി ഇൻസ്റ്റിറ്റ്യുട്ട് , ടോറസ് സ്പോർട്സ് അക്കാഡമി കൊല്ലം, എസ്.എൻ പബ്ലിക് സ്കൂൾ വടക്കേവിള, കൊല്ലം സർക്കാർ ബോയ്സ് ഹൈസ്കൂൾ, കടപ്പാക്കട സ്പോർട്ട്സ് ക്ലബ്ബ്, സ്പോർട്സ് കൗൺസിൽ (എൽ.ബി.എസ് സ്റ്റേഡിയത്തിന് മുൻവശം) എന്നിവിടങ്ങളിലായി അത്ലറ്റിക്സ്, കലാകായിക മത്സരങ്ങൾ, ഫുട്ബാൾ, ക്രിക്കറ്റ്, വോളിബാൾ, ബാഡ്മിന്റൺ, പഞ്ചഗുസ്തി, വടംവലി മത്സരങ്ങളാണ് നടത്തുന്നത്.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.അനിൽകുമാർ, യുവജന ക്ഷേമബോർഡ് അംഗം സന്തോഷ് കാല, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെ.നജീബത്ത്, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വസന്ത രമേശ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽ.എസ് കല്ലേലി ഭാഗം, ത്രിതലപഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.