photo
എം.ടി വാസുദേവൻ നായർ പുസ്തക ഗ്രാമമെന്ന് പ്രഖ്യാപിക്കുന്നതിനായി പെരുംകുളത്തുകാർ തയ്യാറാക്കിയ നോട്ടീസ്

കൊല്ലം: കൊട്ടാരക്കരയ്ക്ക് അടുത്തുള്ള പെരുംകുളം ഗ്രാമത്തെ പുസ്തക ഗ്രാമമെന്ന് ആദ്യം വിശേഷിപ്പിച്ചത് എം.ടി.വാസുദേവൻ നായരാണ്. 2020 ജൂൺ 19ന് വായനാദിനത്തിലായിരുന്നു ആ പ്രഖ്യാപനം. കൊവിഡ് കാലമായിരുന്നതിനാൽ എം.ടി അന്ന് നേരിട്ടെത്തിയില്ല. രാവിലെ 11ന് ഓൺലൈനിലൂടെയായിരുന്നു പ്രഖ്യാപനം.

പഴയകാലത്ത് ഗ്രാമത്തിന്റെ അഭിവൃദ്ധിയും നവോത്ഥാനവും നടക്കുന്നത് വായനശാലകൾ ഉണ്ടാകുമ്പോഴായിരുന്നുവെന്നും പുസ്തകക്കൂടുകൾ സ്ഥാപിച്ച് വായനയെ പ്രോത്സാഹിപ്പിക്കുന്നത് അഭിനന്ദനീയമാണെന്നും അന്ന് എം.ടി പറഞ്ഞത് നാടിന്റെ കാതിൽ ഇപ്പോഴും മുഴങ്ങുന്നുണ്ട്. എം.മുകുന്ദൻ രക്ഷാധികാരിയായി തുടരുന്ന ഇവിടത്തെ ബാപ്പുജി സ്മാരക വായനശാല അതോടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. തൊട്ടടുത്ത വർഷം ജൂൺ 19ന് മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗികമായിത്തന്നെ പെരുംകുളത്തെ പുസ്തക ഗ്രാമമായി പ്രഖ്യാപിക്കുകയും ചെയ്തു. നാടിന്റെ വിവിധ ഇടങ്ങളിൽ പുസ്തക കൂടുകൾ സ്ഥാപിച്ചും, പുസ്തക വായനയ്ക്ക് പുതിയ സംവിധാനങ്ങളൊരുക്കിയും ബാപ്പുജി സ്മാരക വായനശാല നടത്തിയ വേറിട്ട പ്രവർത്തനങ്ങളുടെ ഫലമായിട്ടാണ് നാടിന് പുസ്തക ഗ്രാമമെന്ന പേരുണ്ടായത്. പ്രളയത്തിൽ സർവതും നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് നോട്ട്ബുക്കുകൾ മുഴുവൻ എഴുതി നൽകിയും ശ്രദ്ധിക്കപ്പെട്ടിരുന്നു.

പുസ്തകക്കൂടുകൾ

എം.ടി പറഞ്ഞ പ്രകാരം പെരുംകുളം ഗ്രാമത്തിന്റെ വിവിധ ഇടങ്ങളിലായി 11 പുസ്തകക്കൂടുകളാണ് വായനശാല പ്രവർത്തകർ സ്ഥാപിച്ചത്. ഒരു പുസ്തകം വച്ചിട്ട് മറ്റൊരു പുസ്തകം എടുക്കാവുന്ന തുറന്ന അക്ഷരക്കൂടുകളാണിവ. ഓട്ടോകളിൽ പുസ്തകം വച്ച് യാത്രക്കാർക്ക് വായിക്കാൻ അവസരമൊരുക്കിയതും വീടുകളിൽ പുസ്തകങ്ങൾ എത്തിച്ച് വായന കൂടുതൽ ജനകീയമാക്കിയുമാണ് എം.ടിയുടെ വാക്കുകളോട് വായനശാല പ്രവർത്തകർ നീതി പുലർത്തിയത്. പിന്നീട് പുസ്തക സ്തൂപവുമൊരുക്കി. റേഡിയോക്കാലം തിരികെയെത്തിക്കാൻ റേഡിയോ കിയോസ്കും പുതുമയോടെ സ്ഥാപിച്ചു.

എം.ടിയാണ് ഞങ്ങളുടെ പെരുംകുളം ഗ്രാമത്തെ പുസ്തക ഗ്രാമമെന്ന് പ്രഖ്യാപിച്ചത്. തൊട്ടടുത്ത വർഷം സർക്കാർ ഔദ്യോഗിക ഉത്തരവോടെ പുസ്തക ഗ്രാമമാക്കി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പി.എസ്.സി പരീക്ഷകളിലടക്കം കേരളത്തിലെ ആദ്യ പുസ്തക ഗ്രാമം ഏതെന്ന ചോദ്യം ഉണ്ടായപ്പോൾ ഞങ്ങൾക്ക് അഭിമാനമേറി

പെരുംകുളം രാജീവ്, പ്രസിഡന്റ്, ബാപ്പുജി സ്മാരക വായനശാല