cri

 ഈ വർഷം 61 പേർക്കെതിരെ നടപടി


കൊല്ലം: കൊല്ലം സിറ്റി പൊലീസ് പരിധിയിൽ കാപ്പ നിയമം കർശനമാക്കിയതോടെ ഈ വർഷം സ്ഥിരം കുറ്റവാളികളായ 34 പേർക്ക് കൈവിലങ്ങ്. കളക്ടർ കരുതൽ തടങ്കലിന് ഉത്തരവിട്ട സ്ഥിരം കുറ്റവാളികളായ 25 പേരും റേഞ്ച് ഡി.ഐ.ജി കാപ്പ നിയമപ്രകാരം ഏർപ്പെടുത്തിയ നിയന്ത്രണം ലംഘിച്ച ഒൻപത് പേരുമാണ് അഴിക്കുള്ളിലായത്.

സഞ്ചലന നിയന്ത്രണം ഉൾപ്പടെ ഈ വർഷം 61 പേർക്കെതിരെയാണ് കാപ്പാ നിയമപ്രകാരം നടപടി സ്വീകരിച്ചത്. സ്ഥിരം കുറ്റവാളികളായ 55 പേരെയാണ് കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കളക്ടർക്ക് ജില്ലാ പൊലീസ് ചീഫ് റിപ്പോർട്ട് സമർപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ 25 പേർക്കെതിരെ നടപടി സ്വീകരിക്കാൻ കളക്ടർ ഉത്തരവിറക്കി. ഇവരിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നരഹത്യാശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുള്ള പത്തോളം ക്രമിനൽ കേസുകളിൽ പ്രതികളായ വടക്കേവിള പുന്തലത്താഴം സ്വദേശി ആദർശ് (31), പേരൂർ സ്വദേശി രാജീവ് (പട്ടര് രാജീവ്, 32), എട്ടോളം കേസുകളിൽ പ്രതികളായ കരുനാഗപ്പള്ളി സ്വദേശി വിഷ്ണു (ബ്ലാക്ക് വിഷ്ണു, 25), കൊട്ടിയം സ്വദേശി നിഷാദ് (പൊട്ടാസ്,33) എന്നിവരും ഉൾപ്പെടുന്നു. ഇവരെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.

പൊതുജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയായ 69 പേരെ ജില്ലയിൽ നിന്ന് പുറത്താക്കാൻ റേഞ്ച് ഡി.ഐ.ജിക്ക് ജില്ലാ പൊലീസ് ചീഫ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിൽ 26 പേരെ ആറുമാസത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കിയും പത്തുപേർക്കെതിരെ സഞ്ചലന നിയന്ത്രണം ഏർപ്പെടുത്തിയും റേഞ്ച് ഡി.ഐ.ജി ഉത്തരവിട്ടു. ഇവരിൽ എട്ടോളം കേസുകളിൽ പ്രതികളായ ചാത്തന്നൂർ സ്വദേശി സനൂജ് (33), ചാത്തന്നൂർ സ്വദേശി വിഷ്ണു (മമ്മൂസാലി, 34), ഒൻപതോളം കേസുകളിൽ പ്രതിയായ ശക്തികുളങ്ങര സ്വദേശി അനന്ദ കൃഷ്ണൻ (33) എന്നിവരും ഉൾപ്പെടും. കാപ്പ നിയന്ത്രണം ലംഘിച്ച ഒൻപത് പേരെയാണ് റിമാൻഡ് ചെയ്തത്.

445 പേർക്ക് ബോണ്ട്
കുറ്റകൃത്യങ്ങൾ തടയാൻ ഈ വർഷം ജില്ലയിൽ 890 പേർക്കെതിരെ ബോണ്ട് ഏർപ്പെടുത്താനാണ് ശുപാർശ ചെയ്തത്. ഇതിൽ 445 പേർക്കെതിരെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതി ബോണ്ട് ഏർപ്പെടുത്തി. 265 പേർക്കെതിരെ റൗഡി ഹിസ്റ്ററി നിരീക്ഷാൻ നടപടി സ്വീകരിച്ചു. കോടതിയിൽ നിന്ന് ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിലേർപ്പെട്ട 90 പേരുടെ ജാമ്യം റദ്ദ് ചെയ്യാനും ശുപാർശ സമർപ്പിച്ചു.