കൊല്ലം: രണ്ട് റേഡിയോളജിസ്റ്റുകളും ഒരുമിച്ച് അവധിയിൽ പ്രവേശിച്ചതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ അൾട്രാ സൗണ്ട് സ്കാനിംഗ് നിലച്ചു. അതിനാൽ ചികിത്സ തേടുന്ന രോഗികൾ അൾട്രാ സൗണ്ട് സ്കാനിംഗിനായി വൻതുക നൽകി സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
സ്വകാര്യ ഏജൻസിക്കാണ് ജില്ലാ ആശുപത്രിയിലെ സ്കാനിംഗ് കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല. എം.ആർ.ഐ, സി.ടി സ്കാനിംഗുകൾക്ക് തത്സമയം റേഡിയോളജിസ്റ്റിന്റെ ആവശ്യമില്ല. എന്നാൽ റേഡിയോളജിസ്റ്റുണ്ടെങ്കിലേ അൾട്രാ സൗണ്ട് സ്കാനിംഗ് നടക്കുള്ളു. എല്ലാ ദിവസവും രാവിലെ 7.30 മുതൽ 9.30 വരെയും വൈകിട്ട് നാലര മുതൽ ഏഴ് വരെയുമാണ് അൾട്രാ സൗണ്ട് സ്കാനിംഗ് നടക്കുന്നത്.
രാവിലെയും വൈകിട്ടും ഓരോ റേഡിയോളജിസ്റ്റുമാർക്കാണ് ചുമതല. ആൾട്രാ സൗണ്ട് സ്കാനിംഗ് സ്തംഭിക്കുന്ന തരത്തിൽ രണ്ട് പേരും ഒരുമിച്ച് അവധിയിൽ പോയത് കരാർ വ്യവസ്ഥയുടെ ലംഘനമാണെന്ന് ആരോപണമുണ്ട്. ഇവിടെ റേഡിയോളജിസ്റ്റുമാരുടെ സ്ഥിരം തസ്തിക അനുവദിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും സർക്കാർ പരിഗണിക്കുന്നില്ല.
രണ്ട് മാസമായി സൂപ്രണ്ടില്ല
ജില്ലാ മെഡിക്കൽ ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ച ജില്ലാ ആശുപത്രിയിലെ സൂപ്രണ്ടായിരുന്ന ഡോ. അനിതയ്ക്ക് പകരം പുതിയ നിയമനം ഇതുവരെ നടന്നിട്ടില്ല. രണ്ട് മാസമായി സൂപ്രണ്ടിന്റെ കസേര ഒഴിഞ്ഞുകിടക്കുകയാണ്. ഡെപ്യൂട്ടി സൂപ്രണ്ടിനാണ് താത്കാലിക ചുമതല.