കൊല്ലം: മരുന്ന് കുറിപ്പടി തയ്യാറാക്കാനും വിതരണം ചെയ്യാനുമുള്ള ഓൺലൈൻ പോർട്ടലിന്റെ സാങ്കേതിക തകരാർ കാരണം ആശ്രാമം ഇ.എസ്.ഐ ആശുപത്രിയിലെ മരുന്ന് വിതരണം മുടങ്ങുന്നു. രോഗികൾ ഫാർമസിക്ക് മുന്നിൽ മണിക്കൂറുകളോളം ക്യൂ നിന്നാലും മരുന്ന് കിട്ടാത്ത അവസ്ഥയാണ്. പിന്നീട് ഡിസ്പെൻസറികളിൽ ചെല്ലുമ്പോൾ കുറിപ്പടിയിലെ ഭൂരിഭാഗം മരുന്നുകളും അവിടെ ഉണ്ടാകാറില്ല.

പോർട്ടലിന് സാങ്കേതിക സഹായം നൽകുന്ന ഏജൻസി മാറിയതിന് പിന്നാലെയാണ് പോർട്ടൽ ഇഴയുന്നത്. ഇതിന് പരിഹാരം കാണാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പല ദിവസങ്ങളിലും മണിക്കൂറുകൾ കാത്തുനിന്നാലും മരുന്ന് ലഭിക്കാറില്ല. കിടത്തി ചികിത്സയിലുള്ള രോഗികൾക്ക് കൃത്യസമയത്ത് മരുന്ന് ലഭിക്കുന്നുണ്ട്. എന്നാൽ ഡിസ്ചാർജ് സമയത്ത് ഡോക്ടർ കുറിച്ച മരുന്നുകൾ ലഭിക്കുന്നതിന് തടസമുണ്ട്.

കറങ്ങിക്കറങ്ങി പോർട്ടൽ

 കഴിഞ്ഞ ആറ് ദിവസമായി പോർട്ടൽ ഇഴയുന്നു

 മരുന്ന് കുറിപ്പടിക്ക് പുറമേ പോർട്ടലിലും രേഖപ്പെടുത്തും

 പോർട്ടലിൽ നോക്കിയാണ് ഫാർമസിയിൽ മരുന്ന് നൽകുന്നത്

 ഫാർമസി സ്റ്റോക്കിനെ ബാധിക്കുന്നതിനാൽ പേപ്പർ കുറിപ്പടി സ്വീകരിക്കില്ല

 പോർട്ടൽ വൈകുന്നതിനാൽ മരുന്ന് വിതരണം പ്രതിസന്ധിയിൽ

ഒ.പികൾ-21

ഒരു ദിവസം എത്തുന്ന രോഗികൾ-800 ഓളം

അഞ്ച് ദിവസത്തേക്കുള്ള മരുന്ന് മാത്രം

സ്ഥിരമായി വരുന്ന രോഗികൾക്ക് ഡോക്ടർമാർ ഒരുമാസത്തെ മരുന്ന് വരെ കുറിക്കാറുണ്ട്. എന്നാൽ ഫാർമസിയിൽ നിന്ന് അഞ്ച് ദിവസത്തെ മരുന്നേ നൽകാറുള്ളു. ബാക്കി മരുന്ന് ഡിസ്പെൻസറികളിൽ നിന്ന് വാങ്ങാനാണ് നിർദ്ദേശം. രോഗികൾ ഡിസ്പെൻസറിയിൽ ചെല്ലുമ്പോൾ അവിടെയും മരുന്ന് കാണില്ല. കൈയിൽ കാശില്ലാത്തതിനാൽ പല പാവപ്പെട്ട രോഗികളും പുറത്ത് നിന്ന് മരുന്ന് വാങ്ങാറില്ല.

പൊട്ടിച്ചുകൂടാത്ത മരുന്നുകളും പൊട്ടിക്കുന്നു

കൂടുതൽ നേരം തുറന്നുവച്ചാൽ രാസമാറ്റം സംഭവിക്കാൻ സാദ്ധ്യതയുള്ളതിനാൽ പല ടാബ്‌ലെറ്റുകളും ടിന്നുകളിൽ നിന്ന് പൊട്ടിച്ച് വിതരണം ചെയ്യരുതെന്ന് നിർദ്ദേശമുണ്ട്. എന്നാൽ തൈറോയിഡിനുള്ള ടാബ്‌ലെറ്റ് അടക്കം അഞ്ച് ദിവസത്തേക്ക് ചുരുക്കി നൽകാൻ ബോട്ടിൽ പൊട്ടിച്ചാണ് നൽകുന്നത്. ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും ആരോപണമുണ്ട്.