
കൊല്ലം: എട്ടാം വർഷത്തിലേക്ക് കടക്കുന്ന കുടുംബശ്രീ സ്നേഹിത ഹെൽപ്പ് ഡെസ്കിൽ ജില്ലയിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 2680 കേസുകൾ. നേരിട്ട് 839 പേരും ഫോണിലൂടെ 1,841 പേരും പരാതിനൽകി. ആകെ കേസുകളിൽ 421 ഗാർഹിക പീഡനവും 75 കുട്ടികളുടെ പ്രശ്നങ്ങളും 55 പോക്സോ പരാതികളുമാണ് ഉള്ളത്.
സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണവും സേവനവും നൽകുകയെന്ന ലക്ഷ്യത്തോടെ 2017 ഡിസംബർ 27നാണ് ജില്ലയിൽ 'സ്നേഹിത' പ്രവർത്തനം ആരംഭിച്ചത്. ദാമ്പത്യം, സ്ത്രീധനം, കുടുംബ പ്രശ്നങ്ങൾ, ഗാർഹികപീഡനം, കുട്ടികളുടെയും കൗമാരക്കാരുടെയും മുതിർന്നവരുടെയും പ്രശ്നങ്ങൾ തുടങ്ങി ഒട്ടേറെ കേസുകളാണ് സ്നേഹിതയിൽ റിപ്പോർട്ട് ചെയ്യുന്നത്. പുനരധിവാസം, നിയമ സഹായം, കൗൺസലിംഗ് എന്നിവയാണ് 24 മണിക്കൂറും ഹെൽപ്പ് ഡെസ്കിലൂടെ സ്നേഹിത നൽകുന്നത്. ലീഗൽ സർവീസ് അതോറിട്ടി, പൊലീസ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി, വിവിധ എൻ.ജി.ഒകൾ തുടങ്ങിവയുടെ സേവനവും ലഭ്യമാക്കുന്നുണ്ട്.
കൗൺസിലർമാർ, സേവന ദാതാക്കൾ, ഓഫീസ് അസിസ്റ്റന്റ്, സെക്യൂരിറ്റി, കെയർ ടേക്കർ തുടങ്ങിയ 11 അംഗ സംഘമാണ് സ്നേഹിതയിലുള്ളത്. കൂടാതെ ജില്ലയിൽ 74 സി.ഡി.എസുകളിലും കമ്മ്യുണിറ്റി കൗൺസിലർമാരുടെ സേവനം ലഭ്യമാണ്. 54 ജെൻഡർ റിസോഴ്സ് സെന്ററുകൾ സി.ഡി.എസ് തലത്തിൽ പ്രവർത്തിക്കുന്നുണ്ട്. ജില്ലാ ലീഗൽ അതോറിട്ടിയുടെ നേതൃത്വത്തിൽ ലീഗൽ ക്ളിനിക്കുകൾ നടത്തിയും നിയമ സഹായം നൽകുന്നുണ്ട്.
24 മണിക്കൂറും സേവനം
 24 മണിക്കൂറും ജെൻഡർ ഹെൽപ്പ് ഡെസ്‌ക്
 അതിക്രമങ്ങൾ നേരിടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും താത്കാലിക അഭയം
 അതിക്രമം നേരിടുന്നവർക്ക് കൗൺസലിംഗ്
 24 മണിക്കൂർ ടെലി കൗൺസലിംഗ്
 മറ്റ് വകുപ്പുകളുമായും എൻ.ജി.ഒകളുമായും ചേർന്ന് പുനരധിവാസം
 നിയമ, വൈദ്യ സഹായങ്ങൾ
 രാത്രി ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് താമസ സൗകര്യം
വർഷം, ലഭിച്ച പരാതികൾ (നേരിട്ട്, ഫോണിൽ)
2017-18: -99, 90
2018-19: 157, 277
2019-20: 112, 232
2020-21: 88, 250
2021-22: 61, 345
2022-23: 67, 283
2023-24: 91, 255
2024-25: 105, 168
ഫോൺ: 0474 2799760
ടോൾ ഫ്രീ നമ്പർ: 1800 425 3565