havika

കൊല്ലം: മന്ത്രി വീണാജോർജ് സോഷ്യൽ മീഡിയയിലൂടെ നൽകിയ ബോധവത്കരണ വീഡിയോയുടെ റീൽ ചെയ്ത് താരമായിരിക്കുകയാണ് കൊല്ലം ശൂരനാട് നടുവിൽ എൽ.പി.എസിലെ നാലാം ക്ലാസുകാരി ഭവികലക്ഷ്മി. കുടിവെള്ളത്തിലൂടെ പകരുന്ന രോഗങ്ങളിൽ ജാഗ്രത പുലർത്തണമെന്നായിരുന്നു മന്ത്രിയുടെ സന്ദേശം. ഇതാണ് റീൽസാക്കിയത്. ഇതോടെ കൊച്ചു കലാകാരിയെ നേരിൽ കാണാനുള്ള തീരുമാനത്തിലാണ് മന്ത്രി.

റീൽസിൽ മാത്രമല്ല നൃത്തം, അഭിനയം, പ്രസംഗം, കാവ്യാലാപനം എന്നിവയിലും ഭവിക മികവ് തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ സബ് ജില്ലാ കലോത്സവത്തിൽ എൽ.പി വിഭാഗം പ്രസംഗ മത്സരത്തിലും കാവ്യാലാപനത്തിലും ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയിരുന്നു. എല്ലാ ജന്മദിനവും വ്യത്യസ്തവും വേറിട്ട രീതിയിലുമാണ് ഭവിക ആഘോഷിക്കുന്നത്. നിർദ്ധനരായ ക്യാൻസർ രോഗികൾക്ക് ലോട്ടറി യൂണിറ്റ് കൊടുത്തും മിണ്ടാപ്രാണികൾക്ക് ഭക്ഷണം നൽകിയുമൊക്കെയാണ് ജന്മദിനാഘോഷങ്ങൾ. കഴിഞ്ഞ ജന്മദിനത്തിൽ വയനാട് ചൂരൽമലയിലെ ദുരന്ത ബാധിതകർക്ക് തുക സംഭാവന നൽകി. ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിച്ച മത്സരങ്ങളിൽ പ്രസംഗത്തിലും കഥാ രചനയിലും മികച്ച നേട്ടം കൈവരിച്ചിരുന്നു.

രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഭവികയുടെ വിനോദ യാത്രാവിവരണം വിദ്യാഭ്യാസ മന്ത്രി ഫേസ് ബുക്ക് പേജിൽ പങ്കുവച്ചിരുന്നു. സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ദാവീദ് എന്ന സിനിമയിൽ അഭിനയിച്ച ഭവിക തന്റെ ആദ്യത്തെ പുസ്തക രചനയുടെ തിരക്കിലാണിപ്പോൾ. ഡോ. എ.പി.ജെ അബ്ദുൽ കലാം ബാലപ്രതിഭ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും സാമൂഹ്യ പ്രവർത്തകനുമായ എൽ.സുഗതന്റെയും പാലക്കാട് ശ്രീകൃഷ്ണപുരം വില്ലേജ് ഓഫീസറായ അനൂപയുടെയും മകളാണ്. പ്ലസ് ടു വിദ്യാർത്ഥിയായ ഭവിൻ സുഗതനാണ് സഹോദരൻ.